Monday, March 10, 2025
Kerala

ഭരണഘടനാ വിരുദ്ധ പ്രസംഗം: സജി ചെറിയാനെതിരായ ഹർജി ഹൈക്കോടതി തള്ളി

ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിൻ്റേതാണ് വിധി. ഭരണഘടനയെ അധിക്ഷേപിച്ച സജി ചെറിയാൻ്റെ നിയമസഭാംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം സ്വദേശി ബിജു പി ചെറുമകന്‍, ബി എസ് പി സംസ്ഥാന പ്രസിഡന്റ് വയലാര്‍ രാജീവന്‍ എന്നിവരാണ് ചെറിയാനെതിരെ ഹരജി നല്‍കിയിരുന്നത്.

ഭരണഘടനയെ അപമാനിച്ച എംഎൽഎയെ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ സജി ചെറിയാനെ അയോഗ്യനാക്കാൻ നിയമ വ്യവസ്ഥയില്ലെന്നാണ് ഹൈക്കോടതി നിരീക്ഷണം. ഈ വര്‍ഷം ജൂലൈ മൂന്നിന് പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയില്‍ സിപിഐഎം പരിപാടിയില്‍ നടത്തിയ പ്രസംഗമാണ് സജി ചെറിയാന്റെ മന്ത്രിക്കസേര തെറിപ്പിച്ചത്. ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ ചുക്കും ചുണ്ണാമ്പും ആണെന്നും കുന്തവും കുടചക്രവുമാണ് ഭരണഘടനയിലുള്ളതെന്നും മറ്റുമായിരുന്നു സജി ചെറിയാന്റെ പരാമര്‍ശങ്ങള്‍.

പ്രസംഗം ഫേസ്ബുക്ക് ലൈവിലൂടെ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. ”മനോഹരമായ ഭരണഘടനയാണ് ഇന്ത്യയിൽ എഴുതിവച്ചിട്ടുള്ളതെന്ന് നമ്മളെല്ലാം പറയും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്ന് ഞാൻ പറയും. ബ്രിട്ടീഷുകാർ തയാറാക്കിക്കൊടുത്തൊരു ഭരണഘടന ഇന്ത്യക്കാർ എഴുതിവച്ചു. അതിന്റെ ഈ രാജ്യത്ത് 75 വർഷമായി നടപ്പാക്കുന്നു. ആരു പ്രസംഗിച്ചാലും ഞാൻ സമ്മതിക്കില്ല. അതിൽ കുറച്ച് മുക്കിലും മൂലയിലുമൊക്കെയായി ഇച്ചിരി ഗുണങ്ങളൊക്കെ ഇട്ടിട്ടുണ്ട്. മതേതരത്വം, ജനാധിപത്യം, കുന്തവും കൊടച്ചക്രവുമൊക്കെ അതിന്റെ മൂലയിൽ എഴുതിവച്ചിട്ടുണ്ട്. പക്ഷെ, കൃത്യമായി കൊള്ളയടിക്കാൻ പറ്റിയതാണ്ഭരണഘടന അതുകൊണ്ടാണ് അംബാനിയും അദാനിയും ഒക്കെ വളർന്നു വരുന്നത്,” എന്നായിരുന്നു സജി ചെറിയാൻ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *