‘രാഷ്ട്രീയപരമായി സമുദായം ശക്തിപ്പെടണം, കേസിൽ വെറുതെ വിട്ടപ്പോൾ ലോകകപ്പ് ജയിച്ച പോലെ തോന്നി’; ഫ്രാങ്കോ മുളക്കൽ
ജലന്ധര്‍: യാത്രയയപ്പിന്‍റെ ഭാഗമായുള്ള കുര്‍ബാനയ്ക്കിടെ അബ്ദുൾ കലാമിന്റെ വാചകം പറഞ്ഞ് ഫ്രാങ്കോ മുളക്കൽ. എല്ലാവർക്കും ഒരു ലക്ഷ്യം ഉണ്ടാവണം എന്ന് കലാം പറഞ്ഞിട്ടുണ്ട്. മിഷനറി ആകണം എന്നതായിരുന്നു തന്റെ ലക്ഷ്യം. കുടുംബത്തിന്റെ എതിർപ്പ് മറി കടന്നും താന്‍ മിഷനറി ആയിയെന്നും ഫ്രാങ്കോ മുളക്കല്‍ പറഞ്ഞു. ദൈവമാണ് തന്നെ ജലന്ധറിലേക്ക് അയച്ചത്. വൈദികനും ബിഷപ്പുമായി നിരവധി പദവികളും വഹിച്ചു. രാഷ്ട്രീയപരമായി സമുദായം ശക്തിപ്പെടണമെന്ന് ഫ്രാങ്കോ മുളയ്ക്കൽ പ്രസംഗമധ്യേ പറഞ്ഞു. ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയെ പിന്തുണക്കണം. കോൺഗ്രസിനെയോ, ബിജെപിയെയോ അകാലിദളിനെയോ പിന്തുണയ്ക്കണം. ഒരു ദിവസം എം എൽ എ യെ യോ മന്ത്രിയോ മുഖ്യമന്ത്രിയോ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നും ഉണ്ടാകാം.
തനിക്ക് എതിരെ ഉണ്ടായത് കള്ള കേസാണെന്ന് ഫ്രാങ്കോ പറഞ്ഞു. ഞാൻ ദൈവത്തോടെ ചോദിച്ചു. തെറ്റ് ഒന്നും ചെയ്യാത്ത നീ എന്തിന് ഭയക്കണം എന്ന് ദൈവം പറഞ്ഞതെന്നും ഫ്രാങ്കോ പറഞ്ഞു. പ്രാർത്ഥനയും ദേശീയ, അന്തർ ദേശീയ മാധ്യമങ്ങളുടെ പിന്തുണയും കൊണ്ട് എന്നെ വെറുതെ വിട്ടു. വെറുതെ വിട്ടപ്പോൾ ലോക കപ്പ് ജയിച്ച പോലെയാണ് തോന്നിയത്. ഇപ്പോൾ ജലന്ധറിലെ ദൗത്യം പൂർത്തിയായിയെന്നും ഫ്രാങ്കോ പറഞ്ഞു. ബിഷപ്പ് സ്ഥാനം രാജിവെച്ച ഫ്രാങ്കോ മുളക്കലിന് ജലന്ധറിലെ സെന്‍റ് മേരിസ് കത്തീഡ്രൽ പള്ളിയിൽ വച്ചാണ് യാത്രയപ്പ് ചടങ്ങ് നടക്കുന്നത്. യാത്രയയപ്പ് ചടങ്ങ് നടക്കുന്ന സെന്റ് മേരിസ് കത്തീഡ്രലിന് പുറത്ത് സുരക്ഷ വർധിപ്പിച്ചിരുന്നു. പൊലീസിനെയും കലാപ വിരുദ്ധ സേനയേയുമാണ് പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്. മഴ മൂലം വൈകി ആരംഭിച്ച ചടങ്ങിലേക്ക് എത്തിയ ഫ്രാങ്കോയ്ക്ക് മുദ്രാവാക്യം വിളികളോടെയാണ് സ്വീകരിച്ചത്.
യാത്രയയപ്പ് ചടങ്ങിൽ പങ്കെടുക്കണമെന്ന് രൂപതയിലെ വൈദികരോടും കന്യാസ്ത്രീകളോടും വിശ്വാസികളോടും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായ ബിഷപ്പ് അഗ്നേലോ ഗ്രേഷ്യസ് സർക്കുലറിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസിൽ കുറ്റവിമുക്തൻ ആയെങ്കിലും വിധിക്കെതിരായ അപ്പീൽ കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഫ്രാങ്കോ മുളക്കൽ ബിഷപ്പ് സ്ഥാനം രാജിവെച്ചത് വത്തിക്കാൻ നിർദേശപ്രകാരമാണ് ഫ്രാങ്കോ ബിഷപ്പ് സ്ഥാനം ഒഴിഞ്ഞതെന്നാണ് സഭാവൃത്തങ്ങള്‍ വിശദമാക്കിയത്. ജലന്ധര്‍ രൂപതയുടെ നല്ലതിന് വേണ്ടി സ്വയം ഒഴിയാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് രാജി പ്രഖ്യാപിച്ചുള്ള വീഡിയോ സന്ദേശത്തിൽ ഫ്രാങ്കോ മുളയ്ക്കൽ വാദിച്ചത്.
ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായി വിചാരണ നേരിട്ട രാജ്യത്തെ ആദ്യത്തെ കത്തോലിക്കാ ബിഷപ്പാണ് ഫ്രാങ്കോ മുളയ്ക്കൽ. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്നായിരുന്നു കേസ്. ആദ്യമൊക്കെ ബലാത്സംഗത്തെ എതിർത്ത ബിഷപ് ഫ്രാങ്കോ കന്യാസ്ത്രീയ്ക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് പിന്നീട് ഉന്നയിച്ചത്. എന്നാൽ കന്യാസ്ത്രീ മഠത്തിലെ ബിഷപ്പിന്‍റെ സന്ദർശനങ്ങളും മൊബൈൽ സന്ദേശങ്ങളുമടക്കം അന്വേഷണ ഉദ്യോഗസ്ഥർ നിരത്തിയതോടെ ബിഷപ്പിന് ഉത്തരം മുട്ടിയിരുന്നു. പീഡനപരാതിയിൽ കുറവിലങ്ങാട് പൊലീസ്, ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടും രണ്ട് മാസത്തിലധികം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. അതോടെ മഠത്തിന്‍റെ മതിൽക്കെട്ടിന് പുറത്തേക്ക് കന്യാസ്ത്രീകളുടെ ശബ്ദം ഉയർന്നു. സിസ്റ്റർ അനുപമയുടെ നേതൃത്വത്തിൽ അഞ്ച് പേർ സമരത്തിനിറങ്ങി. സഹപ്രവർത്തക അനുഭവിച്ച ക്രൂരപീഡനത്തിന് കാരണക്കാരനായ ബിഷപ്പിന്‍റെ അറസ്റ്റ് എന്നതായിരുന്നു ആവശ്യം. ഒടുവിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ബിഷപ്പിനെ പൊലീസ് അറസ്റ്റ് ചെയ്തു.
2019 ഏപ്രിൽ 9-ന് പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രവും സമർപ്പിച്ചു. അതിനുശേഷവും വിചാരണ വൈകിക്കാൻ നിരവധി ശ്രമങ്ങളുണ്ടായി. ഒന്നിനു പുറകേ ഒന്നായി ലഭിച്ച പകർപ്പുകൾ തെളിഞ്ഞില്ലെന്ന് പറഞ്ഞ് ബിഷപ്പിന്‍റെ അപക്ഷകൾ കോടതിയിലെത്തി. ഒന്നിനുപുറകേ ഒന്നായി പുതിയ പുതിയ ഹർജികൾ. ഇതിനിടെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് നൽകിയ ഹർജികൾ വിചാരണക്കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും തളളി. എന്നാൽ ഒടുവിൽ കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാര്‍, കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു. ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തിലുണ്ടായിരുന്നത്.