മഴയിൽ ജാഗ്രത, കൊച്ചിയിൽ കനത്ത മഴ, വടക്കൻ കേരളത്തിലും മുന്നറിയിപ്പ്; അടുത്ത മണിക്കൂറിൽ മഴയെങ്ങനെ? അറിയാം
തിരുവവന്തപുരം : സംസ്ഥാനത്ത് തീവ്ര, അതിതീവ്ര മഴ കുറഞ്ഞെങ്കിലും വടക്കൻ കേരളത്തിൽ ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിങ്ങനെ 4 ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്ത മലയോരമേഖലകളിൽ അതീവജാഗ്രത തുടരണം. തീരപ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ വേണം. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. കൊച്ചിയിൽ ഇന്ന് പുലർച്ചെയാരംഭിച്ച കനത്ത മഴ തുടരുകയാണ്. കടലോര മേഖലകളിൽ കടലാക്രമണവും തുടരുന്നു. പലയിടത്തും വീണ്ടും വെള്ളക്കെട്ടുകളുണ്ടായി.
അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ മഴയെങ്ങനെ ?
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും; ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഴ നന്നേ കുറഞ്ഞെങ്കിലും പത്തനംതിട്ട തിരുവല്ല മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം ഇനിയും ഇറങ്ങിയിട്ടില്ല. ആളുകൾ ക്യാംപുകളിൽ തന്നെ തുടരുകയാണ്. എൻ ഡി ആർ എഫ് സംഘവും വിവിധ ഭാഗങ്ങളിൽ ക്യാംപ് ചെയ്യുന്നു. കൃഷി നാശം വ്യാപകമായ അപ്പർ കുട്ടനാട്ടിൽ നഷ്ടപരിഹാരം വേഗത്തിൽ ഉറപ്പാക്കണം എന്ന് കർഷക സംഘടനകൾ ആവശ്യപെട്ടു. കോസ് വേകൾ മുങ്ങി ആദിവാസി കോളനികൾ ഉൾപ്പടെ ഒറ്റപ്പെട്ടു പോയ റാന്നി കുരുംന്പുമുഴി, അറിയാഞ്ഞിലിമൺ മേഖലകളിൽ പാലം നിർമ്മിക്കാനുള്ള നടപടി വേഗത്തിൽ ആക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.