Friday, October 18, 2024
Kerala

‘മലർവാടി’ പ്രസിദ്ധീകരണം നിർത്തുന്നു

കുട്ടികള്‍ക്കുവേണ്ടിയുള്ള പ്രസിദ്ധീകരണങ്ങള്‍ക്കിടയില്‍ വ്യതിരിക്തമായ കാഴ്ചപ്പാടോടെ പുറത്തിറങ്ങിയ മലയാളത്തിലെ പ്രമുഖ ബാലമാസിക ‘മലർവാടി’ പ്രസിദ്ധീകരണം നിർത്തുന്നു. ജൂൺ 16 ലക്കത്തിലാണ് പ്രസിദ്ധീകരണം നിർത്തുന്ന വിവരം അറിയിച്ചത്. “കഴിഞ്ഞ നാല്പതാണ്ടുകളായി മാസികയായും ദ്വൈവാരികയായും നിങ്ങളുടെ കരങ്ങളിൽ എത്തിക്കൊണ്ടിരുന്ന ‘മലർവാടി’ വിടവാങ്ങുകയാണ് ” – ‘മലർവാടി വിടപറയുന്നു’ എന്ന തലക്കെട്ടിൽ  എഴുതിയ കുറിപ്പിൽ പത്രാധിപർ ടി.കെ ഉബൈദ് പറഞ്ഞു. കോവിഡ് മൂലമുണ്ടായ പ്രതിസന്ധിയാണ് പ്രസിദ്ധീകരണം നിർത്തുന്നതിന് കാരണമായി പറയുന്നത്.

 

1980 നവംബറില്‍ കൊച്ചി ആസ്ഥാനമായാണ് മലർവാടി പ്രസിദ്ധീകരണം തുടങ്ങിയത്. മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്‍മാരുടെ പിന്തുണയോടെയാണ് പ്രസിദ്ധീകരണം ആരംഭിക്കുന്നത്. ചുരുങ്ങിയ കാലയളവില്‍ മലയാളത്തിലെ ബാലപ്രസിദ്ധീകരണങ്ങളില്‍ മുൻ നിരയിലെത്താന്‍ മലര്‍വാടിക്ക് കഴിഞ്ഞു.യേശുദാസന്‍, സീരി, വേണു, ശിവന്‍, പോള്‍ കല്ലാനോട് തുടങ്ങിയ ചിത്രകാരന്മാരും വൈക്കം മുഹമ്മദ് ബഷീര്‍, എം.ടി.വാസുദേവന്‍ നായര്‍, സി.രാധാകൃഷ്ണന്‍, എന്‍.പി.മുഹമ്മദ്, തകഴി, വാസുദേവന്‍ നായര്‍ മുതലായ സാഹിത്യകാരന്‍മാരും മലര്‍വാടിയിലൂടെ കുട്ടികളോട് സംവദിച്ചു.

പട്ടാളം പൈലി, പൂച്ചപ്പോലീസ്, തുടങ്ങി വ്യത്യസ്ത ആശയാവിഷ്കാരങ്ങൾ മലർവാടിയുടെ പ്രത്യേകതയായിരുന്നു. കവി കുഞ്ഞുണ്ണി മാഷ് കൈകാര്യം ചെയ്തിരുന്ന ‘കുഞ്ഞുണ്ണി മാഷും കുട്ട്യോളും’ എന്ന പംക്തി മലയാളത്തിലെ കുട്ടികളുടെ മനസ്സില്‍ പ്രതിഷ്ഠ നേടുകയുണ്ടായി. ‘ദയ എന്ന പെണ്‍കുട്ടി എന്ന പേരില്‍ മലര്‍വാടിയില്‍ പ്രസിദ്ധീകരിച്ച എം.ടി. വാസുദേവന്‍നായരുടെ നോവലാണ് പിന്നീട് ദയ എന്ന പേരില്‍ ചലചിത്രമായത്. 1986 മുതല്‍ മാസികയുടെ ഉടമസ്ഥാവകാശം മലര്‍വാടി പബ്ലിക്കേഷന്‍സ് ട്രസ്റ്റ് ഏറ്റെടുക്കുകയും ആസ്ഥാനം തൃശ്ശൂരിലേക്ക് മാറ്റുകയും ചെയ്തു.2002 ജൂലൈ മുതല്‍ കോഴിക്കോടുനിന്നാണ് പ്രസിദ്ധീകരിച്ചുവരുന്നത്.

മലർവാടി ചരിത്രത്തിലേക്ക് പിൻവാങ്ങുമ്പോൾ, അതൊരു മാറിനിൽക്കൽ മാത്രമാണെന്നും മരണമല്ലെന്നും വീണ്ടും തിരിച്ചു വരുമെന്ന പ്രതീക്ഷയുമാണ് പത്രാധിപർ പങ്കുവക്കുന്നത്.

Leave a Reply

Your email address will not be published.