Sunday, January 5, 2025
Kerala

താനൂർ ദുരന്തം: മരിച്ച 11 പുത്തൻ കടപ്പുറം സ്വദേശികൾക്കും ഒരേയിടത്ത് അന്ത്യവിശ്രമം; തീരാനോവുമായി നാട്

മലപ്പുറം: താനൂർ ബോട്ട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ പരപ്പനങ്ങാടി പുത്തൻ കടപ്പുറം സ്വദേശികളായ 11 പേർക്ക് അന്ത്യവിശ്രമം ഒരുക്കിയത് ഒരേ സ്ഥലത്ത്. ഒന്നര വയസ്സുകാരി റഷീദയുടെയും ഏഴ് വയസ്സുകാരി ഫിദയുടെയുടെയുമടക്കമുള്ള കുഞ്ഞുങ്ങളുടെ ചേതനയറ്റ ശരീരം കണ്ടതോടെ പ്രിയപ്പെട്ടവരുടെ വേദന വിവരണാതീതമായി. പുത്തൻ കടപ്പുറം മദ്രസയിലെത്തി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ദുരന്തത്തിന് ഇരകളായവർക്ക് അന്തിമോപചാരം അർപ്പിച്ചു.

ഖബറടക്കുന്ന സ്ഥലത്ത് വലിയ തോതിൽ ജനം തടിച്ചുകൂടി. രണ്ട് തവണ ഖബർസ്ഥാനിലും പള്ളിയിലുമായി പ്രാർത്ഥനാ ചടങ്ങുകൾ നടത്തി. മരിച്ചവരുടെ വീടുകളിലേക്കും മദ്രസകളിലും അന്തിമോപചാരം അർപ്പിക്കാൻ നൂറ് കണക്കിനാളുകൾ എത്തി. മരിച്ചവരുടെ വീടുകൾക്ക് അടുത്താണ് ഖബർസ്ഥാനിൽ. അപകടത്തിൽ ഏറ്റവും വലിയ നഷ്ടം സംഭവിച്ച പരപ്പനങ്ങാടി കുന്നുമ്മൽ വീട്ടിൽ സെയ്തവലിയുടേയും സഹോദരൻ സിറാജിന്റെയും അകന്ന ബന്ധു ജാബിറിന്റെയും ഉറ്റവരുടെ മൃതദേഹങ്ങളാണ് ഒരേ കുഴിമാടത്തിൽ അടക്കിയത്.

സെയ്തവലിയുടേയും സഹോദരൻ സിറാജിന്റെയും ജാബിറിന്റെ ഭാര്യമാരും മക്കളും അടക്കം 12 അംഗ സംഘമാണ് ബോട്ട് യാത്രയ്ക്കായി പോയത്. മക്കളുടെ ആഗ്രഹം നിറവേറ്റാനാണ് ഉമ്മമാർ ബോട്ട് യാത്രയ്ക്ക് പോയത്. ഇതാണ് അന്ത്യയാത്രയായി മാറിയത്. സ്വന്തം ജീവനും ജീവിതവുമായിരുന്ന മക്കളെയും ഭാര്യമാരെയും നഷ്ടപ്പെട്ട് ഹൃദയവേദന താങ്ങാനാവാത്ത നിലയിലാണ് സഹോദരങ്ങളായ സെയ്തലവിയും സിറാജും ബന്ധുവായ ജാബിറും. സൈതലവിയുടെ ഭാര്യ സീനത്ത് (43), മക്കളായ ഹസ്ന (18), ഷഫല (13), ഷംന(12), ഫിദ ദിൽന (7) സഹോദരൻ സിറാജിന്റെ ഭാര്യ റസീന (27) മക്കളായ സഹറ, (8) നൈറ (7), ഒന്നര വയസുകാരി റുഷ്ദ എന്നിവർ മരിച്ചവരിൽ ഉൾപ്പെടുന്നു.

­

Leave a Reply

Your email address will not be published. Required fields are marked *