പെരിങ്ങത്തൂരിൽ ലീഗുകാർ ആക്രമിച്ച പാർട്ടി ഓഫീസുകളും വീടുകളും സിപിഎം നേതാക്കൾ സന്ദർശിച്ചു
മുസ്ലിം ലീഗ് പ്രവർത്തകർ അക്രമം അഴിച്ചുവിട്ട പെരിങ്ങത്തൂർ പ്രദേശം സന്ദർശിച്ച് സിപിഎം നേതാക്കൾ. ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ, പി ഹരീന്ദ്രൻ തുടങ്ങിയവരാണ് ലീഗുകാർ നശിപ്പിച്ച ഓഫീസുകളും വീടുകളും സന്ദർശിച്ചത്
ആസൂത്രിത കലാപത്തിന് അക്രമികൾ ശ്രമിച്ചതായി എം വി ജയരാജൻ ആരോപിച്ചു. അപലപനീയമായ സംഭവമാണ് നടന്നത്. ലീഗിന്റെ ക്രിമിനലുകൾ സംഘടിപ്പിച്ച അക്രമത്തിൽ സിപിഎമ്മിന്റെ എട്ട് ഓഫീസുകൾ, കടകൾ, വീടുകൾ എന്നിവ തകർത്തു. ലീഗിന്റെ നേതൃത്വം കുറ്റകരമായ മൗനത്തിലാണെന്നും ജയരാജൻ പറഞ്ഞു
നാദാപുരം മാതൃകയിൽ കലാപമുണ്ടാക്കാനാണ് ലീഗിന്റെ ശ്രമം. കൊലപാതകത്തിലും തുടർന്നുണ്ടായ അക്രമത്തിലും കർശനമായ നടപടി വേണം. സമാധാനശ്രമങ്ങളോട് സിപിഎം സഹകരിക്കുമെന്നും എം വി ജയരാജൻ പറഞ്ഞു.