നേരിട്ട് ഹാജരാകില്ല, അഭിഭാഷകൻ ഹിയറിംഗിനെത്തും; കണ്ണൂർ വിസി
ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകിയെന്ന് കണ്ണൂർ വൈസ് ചാൻസലർ. ഹൈക്കോടതിയിലെ റിട്ട് അപ്പീലിലെ കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നതെന്നും ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. നേരിട്ട് ഹിയറിംഗിന് ഹാജരാകില്ല. ആവശ്യമെങ്കിൽ അഭിഭാഷകൻ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗവർണർക്ക് പിരിച്ചുവിടാനുള്ള അധികാരമില്ല. ഗവർണറുടെ നടപടികൾ ബുദ്ധിമുട്ടുണ്ടാക്കുന്നതായി ഗോപിനാഥ് രവീന്ദ്രൻ ആരോപിച്ചു. നേരത്തേ, പുറത്താക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചാൻസലർ കൂടിയായ ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടിസിന് ഗോപിനാഥ് രവീന്ദ്രൻ മറുപടി നൽകിയിരുന്നു.
നിയമനത്തിൽ ചട്ടലംഘനമില്ലെന്ന് അഭിഭാഷകൻ മുഖേന നൽകിയ മറുപടിയിൽ പറയുന്നു. പുറത്താക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാനുള്ള അവസാന ദിനമാണ് ഇന്ന്. ഗവർണറുടെ നോട്ടിസിന് 9 വിസിമാരിൽ 6 പേരുടെ വിശദീകരണം ഇന്നലെ രാജ്ഭവനിൽ ലഭിച്ചിരുന്നു.