Monday, January 6, 2025
Kerala

സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്‍റ്​ പി.കെ.പി അബ്​ദുസ്സലാം മുസ്‌ലിയാര്‍ അന്തരിച്ചു

കണ്ണൂര്‍: സമസ്ത കേന്ദ്ര വൈസ് പ്രസിഡന്‍റ്​ സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്‍റുമായ പി.കെ.പി അബ്​ദുസ്സലാം മുസ്‌ലിയാര്‍ (85) അന്തരിച്ചു. നിലവില്‍ സമസ്ത കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റാണ്.

പ്രമുഖ പണ്ഡിതനും പ്രഗത്ഭ മുദരിസ്സുമായിരുന്ന ചെറുകുന്ന് തെക്കുമ്പാട് സി. കുഞ്ഞഹമ്മദ് മുസ്​ലിയാരുടെയും പാപ്പിനിശ്ശേരി പൂവ്വംകുളം നഫീസയുടെയും മകനായി 1935 ജൂലൈ ഒന്നിനായിരുന്നു ജനനം. ചെറുകുന്ന് തെക്കുമ്പാട് ഓത്തുപള്ളിയില്‍ വെച്ചാണ്​ പ്രാഥമിക മതപഠനവും സ്‌കൂള്‍ പഠനവും നേടിയത്. പിതാവിന്‍റെ നേതൃത്വത്തില്‍ തെക്കുമ്പാട്ടെ ദര്‍സ് പഠനത്തിനും ചേര്‍ന്നിരുന്നു.

മാടായി ബി.എം.എച്ച്.ഇ സ്‌കൂളില്‍നിന്ന് എലിമെന്‍ററി പാസായ ശേഷം, ഇ.കെ. അബൂബക്കര്‍ മുസ്​ലിയാര്‍ പ്രിന്‍സിപ്പലായിരിക്കെ 15ാം വയസ്സില്‍ തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്​ലാം അറബിക് കോളജില്‍ ചേര്‍ന്നു. ഇവിടെനിന്ന്​ ഉറുദു ഭാഷയും സ്വായത്തമാക്കി.

1994 ജനുവരി എട്ടിന് സമസ്ത വിദ്യഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി അംഗമായ അബ്​ദുസ്സലാം മുസ്​ലിയാര്‍ മേയ് 18ന്​ സമസ്ത കേന്ദ്രമുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2009 മുതല്‍ 2013 വരെ വിദ്യാഭ്യാസ ബോര്‍ഡിന്‍റെ ജനറൽ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.

ഭാര്യമാര്‍: കുഞ്ഞാമിന (വട്ടപ്പൊയില്‍), പരേതയായ എ.കെ. നഫീസ. മക്കള്‍: ഹന്നത്ത്, റഹ്​മത്ത്, എ.കെ. അബ്​ദുല്‍ബാഖി (സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി, ജാമിഅ അസ്അദിയ്യ വര്‍ക്കിങ് സെക്രട്ടറി, പാപ്പിനിശ്ശേരി ഹിദായത്ത് ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍), ജുവൈരിയ, ഖലീല്‍റഹ്മാന്‍ (ദുബൈ), പരേതനായ ഹബീബുല്ല.

മരുമക്കള്‍: ഇ.ടി. അബ്​ദുസ്സലാം (ദുബൈ), അബ്​ദുസ്സലാം (കുവൈത്ത്), സനീന, പി.ടി.പി ഷഫീഖ്, ഫര്‍ഹാന (തളിപ്പറമ്പ്). സഹോദരങ്ങള്‍: ശാഹുൽ ഹമീദ് ഹാജി, അബ്​ദുല്ലക്കുഞ്ഞി.

 

Leave a Reply

Your email address will not be published. Required fields are marked *