കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവം; ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ
തിരുവനന്തപുരത്ത് കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ആരോഗ്യപ്രവർത്തകർ അറസ്റ്റിൽ. കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപ് ആണ് അറസ്റ്റിലായത്. കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കുളത്തൂപ്പുഴ സ്വദേശിനിയായ യുവതിയെയാണ് ഇയാൾ പീഡിപ്പിച്ചത്.
മലപ്പുറത്ത് ജോലിക്ക് പോയിരുന്ന ഇവർ നാട്ടിൽ തിരിച്ചെത്തിയ ശേഷം നിരീക്ഷണത്തിൽ പ്രവേശിച്ചു. നിരീക്ഷണ കാലാവധിക്ക് ശേഷം കടയ്ക്കൽ ആരോഗ്യകേന്ദ്രത്തിൽ പരിശോധനയ്ക്ക് വിധേയയായി. പരിശോധനയിൽ കോവിഡ് നെഗറ്റീവാണെന്ന് കണ്ടെത്തി. തുടർന്ന് ജോലിയുടെ ആവശ്യത്തിനായി സർട്ടിഫിക്കറ്റ് ലഭിക്കാനായി ഹെൽത്ത് ഇൻസ്പെക്ടറെ സമീപിച്ചപ്പോഴാണ് പീഡനം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്.
സർട്ടിഫിക്കറ്റ് ലഭിക്കാൻ വീട്ടിലെത്താൻ നിർദേശിച്ചു. ഇതനുസരിച്ച് ഭരതന്നൂരിലെ വീട്ടിലെത്തിയപ്പോൾ അവിടെ വെച്ച് പീഡിപ്പിച്ചു എന്നാണ് പരാതി. തുടർന്ന് യുവതി വെള്ളറടയിലെത്തി പൊലീസ് പരാതി നൽകുകയായിരുന്നു.