കൊച്ചി വാട്ടർ മെട്രോ സർവീസ് 12 ദിവസങ്ങൾ പിന്നിട്ടു; യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കടന്നു
കൊച്ചി വാട്ടർ മെട്രോയിൽ യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കടന്നു. സർവീസ് ആരംഭിച്ച് രണ്ടാഴ്ചയ്ക്കകം വാട്ടർ മെട്രോയിൽ സഞ്ചരിച്ചവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു കഴിഞ്ഞു. ഇന്ന് വൈകിട്ട് 5 മണി വരെ 106528 ആളുകളാണ് വാട്ടർ മെട്രോയിൽ യാത്ര ചെയ്തത്. സർവീസ് ആരംഭിച്ചിട്ട് 12 ദിവസങ്ങൾ പിന്നിടുന്നു.
തിരക്ക് കണക്കിലെടുത്ത് വാട്ടർ മെട്രോ സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നുണ്ട്. വൈറ്റില-കാക്കനാട് റൂട്ടിൽ യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്നത് കണക്കിലെടുത്താണ് തീരുമാനം. ഏപിൽ 27ന് ഈ റൂട്ടിൽ സർവ്വീസ് ആരംഭിച്ചപ്പോൾ പീക്ക് അവറുകളിൽ രാവിലെ 8 മുതൽ 11 മണി വരെയും വൈകിട്ട് നാല് മുതൽ 7 മണി വരെയുമായിരുന്നു സർവ്വീസ്.
എന്നാൽ ഈ മാസം നാലാം തീയതി മുതൽ ഈ റൂട്ടിൽ സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. സിവിൽ സ്റ്റേഷൻ ഭാഗത്തേക്കും ഇൻഫോപാർക്കിലേക്കും കാക്കനാട് വാട്ടർ മെട്രോ ടെർമിനലിൽ നിന്ന് ഫീഡർ ബസും ഫീഡർ ഓട്ടോയും ലഭ്യമാണ്. രാവിലെ 07:45 മുതൽ ഉച്ചക്ക് 01:40 വരെ എട്ട് സർവീസുകളും വൈകീട്ട് 03:15 മുതൽ രാത്രി 07:40 വരെ ആറ് സർവീസുകളുമാണ് വൈറ്റിലയിൽ നിന്നും ഉണ്ടാകുക.