തനിക്കെതിരെ പോസ്റ്ററുകൾ പതിച്ചത് ഇരുട്ടിന്റെ സന്തതികൾ; ഉദ്ദേശ്യം തങ്ങൾക്കറിയാമെന്നും എ കെ ബാലൻ
പാലക്കാട് തനിക്കെതിരായി പോസ്റ്ററുകൾ പതിച്ചതിന്റെ പിന്നിൽ ഇരുട്ടിന്റെ സന്തതികളാണെന്ന് മന്ത്രി എ കെ ബാലൻ. സേവ് സിപിഎം ഫോറം ഇന്നും ഇന്നലെയുമായി ഉണ്ടായതല്ല. കേരളത്തിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നതിന് വർഗ ശത്രുക്കളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനയാണത്.
തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽ ഇവർ രംഗത്തുവരുന്നതിന്റെ ഉദ്ദേശ്യം തങ്ങൾക്കറിയാമെന്നും ബാലൻ പ്രതികരിച്ചു. എന്റെയും കുടുംബത്തിന്റെയും ചരിത്രം എല്ലാവർക്കുമറിയാം. മണ്ഡളത്തിൽ ഓരോ തവണയും എന്റെ ഭൂരിപക്ഷം വർധിച്ചിട്ടുണ്ട്. വരാൻ പോകുന്ന തെരഞ്ഞെടുപ്പിലും ഇടതു സ്ഥാനാർഥി ഒരു ചരിത്ര വിജയം നേടുമെന്ന് മാത്രമല്ല, ഭൂരിപക്ഷം കൂടുകയും ചെയ്യും
സ്ഥാനാർഥി നിർണയത്തിൽ ജനാധിപത്യ പ്രക്രിയയാണ് നടക്കുന്നത്. സ്ഥാനാർഥിത്വം സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ല. പത്താം തീയതി പി ബിയുടെ അംഗീകാരത്തോടെയാണ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയെന്നും ബാലൻ പറഞ്ഞു.