100 ശതമാനം പേരേയും വാക്‌സിനെടുപ്പിച്ച് സുരക്ഷിതമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്: ആരോഗ്യമന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: വാക്സീനേഷനിൽ കേരളത്തിന് നേട്ടമെന്ന് ആരോഗ്യ മന്ത്രി മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ 18 വയസിന് മുകളിലുള്ള 98.6 ശതമാനം പേര്‍ക്ക് (2,63,14,853) ആദ്യ ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കിയതായി മന്ത്രി പറഞ്ഞു. 18 വയസിന് മുകളിലുള്ള 81 ശതമാനം പേർക്ക് (2,14,87,515). രണ്ട് ഡോസ് വാക്സീനും നൽകി. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 4,80,17,883 ഡോസ് വാക്‌സിനാണ് നല്‍കിയത്.
‘പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കണ്ണൂര്‍, വയനാട് എന്നീ ജില്ലകള്‍ 100 ശതമാനം ആദ്യ ഡോസ് വാക്‌സിനേഷന്‍ നടത്തിയിട്ടുണ്ട്. ഒമിക്രോണ്‍ സാഹചര്യത്തില്‍ സംസ്ഥാനത്തെ വാക്‌സിനേഷന്‍ വളരെ വേഗം മുന്നോട്ട് പോകുന്നത് ആശ്വാസകരമാണ്. 100 ശതമാനം പേരേയും വാക്‌സിനെടുപ്പിച്ച് സുരക്ഷിതമാക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്’- ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.