പച്ചക്കറികൾക്ക് വീണ്ടും പൊള്ളുന്ന വില; തക്കാളി വില നൂറിലെത്തി
സംസ്ഥാനത്ത് പച്ചക്കറികൾക്ക് വീണ്ടും വില കുത്തനെ ഉയരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചെറിയ തോതിൽ വില താഴ്ന്നിരുന്നുവെങ്കിലും നിലവിൽ പച്ചക്കറി വില കുതിച്ചുയരുന്ന സ്ഥിതിയാണ്. തിരുവനന്തപുരത്തിന് പിന്നാലെ കോഴിക്കോടും തക്കാളി വില നൂറിലെത്തി.
മുരിങ്ങക്കായ കിലോയ്ക്ക് മുന്നൂറ് രൂപ കടന്നു. വെണ്ടക്ക കിലോയ്ക്ക് എഴുപതും ചേനക്കും ബീൻസിനും കാരറ്റിനും കിലോയ്ക്ക് 60 രൂപയുമായി. ഇതര സംസ്ഥാനങ്ങളിലെ മഴക്കെടുതിയാണ് വിലവർധനവിന് കാരണമായി പറയുന്നത്. കുറഞ്ഞ വിലയ്ക്ക് ഹോർട്ടി കോർപ്പ് വിൽപ്പന നടത്തുന്നുണ്ടെങ്കിലും പൊതുവിപണിയിൽ തീപിടിച്ച വിലയ്ക്ക് മാറ്റമില്ല
അതേസമയം വിലവർധനവ് പിടിച്ചു നിർത്താനുള്ള ശ്രമം സർക്കാരും തുടരുന്നുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച മുതൽ 80 ടൺ പച്ചക്കറിയാണ് തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നായി ഹോർട്ടി കോർപ്പ് കേരളത്തിലെത്തിക്കുന്നത്. തെങ്കാശ്ശിയിൽ നിന്ന് നേരിട്ട് പച്ചക്കറി എത്തിക്കാനും ശ്രമം നടക്കുന്നുണ്ട്.