Friday, October 18, 2024
Kerala

ചാണ്ടി ഉമ്മൻ ജയിച്ചാൽ അത് ബിജെപി വോട്ട് മറിച്ചിട്ടായിരിക്കും; ഗുരുതര ആരോപണവുമായി എംവി ഗോവിന്ദൻ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് കഴിഞ്ഞതോടെ കോൺഗ്രസിനെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം സംസ്ഥാന അധ്യക്ഷൻ എംവി ഗോവിന്ദൻ. ചാണ്ടി ഉമ്മൻ വിജയിച്ചാൽ അത് ബിജെപി വോട്ട് മറിച്ചിട്ടായിരിക്കും എന്ന് എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

ബിജെപി വോട്ട് വാങ്ങിയാൽ മാത്രം ചാണ്ടി ഉമ്മൻ ജയിക്കും. പുതുപ്പള്ളിയിൽ ബിജെപി വോട്ടുകൾ കോൺഗ്രസ്സിലേക്ക് പോയി. ചാണ്ടി ഉമ്മൻ ജയിച്ചാൽ അത് ബിജെപി വോട്ടുകൾ വാങ്ങിയത് മൂലം ആയിരിക്കും. ബി ജെ പി വോട്ട് വാങ്ങിയാൽ മാത്രമാണ് ചാണ്ടി ഉമ്മന് ജയിക്കാൻ കഴിയുക. ബി ജെ പി വോട്ട് യുഡിഎഫിന് ലഭിച്ചതായാണ് കണക്ക് കൂട്ടൽ. അല്ലാത്ത പക്ഷം എൽഡിഎഫിന് വിജയിക്കാൻ കഴിയുമെന്നും അദ്ദേഹം പ്രതികരിച്ചു.

പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം സർക്കാരിൻ്റെ ആണിക്കല്ലിളക്കുമെന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഗോവിന്ദൻ മറുപടി നൽകി. സർക്കാരിൻ്റെ ആണിക്കല്ല് ഉറപ്പിക്കുന്ന വിധിയായിരിക്കും പുതുപ്പള്ളിയിലേതെന്ന് ഗോവിന്ദൻ പറഞ്ഞു. ആര് ജയിച്ചാലും ഭൂരിപക്ഷം ചെറുതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

72.91 ശതമാനം പോളിം​ഗാണ് ഇത്തവണ പുതുപ്പള്ളിയിൽ രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നുവെന്നും പോളിങ്ങുമായി ബന്ധപ്പെട്ട് ചാണ്ടി ഉമ്മനും ജയിക്ക് സി തോമസും ചില പരാതികൾ നൽകിയിട്ടുണ്ടെന്നും കോട്ടയം ജില്ലാ കളക്ടർ അറിയിച്ചു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടിംഗ് മെഷീന് വ്യാപക തകരാറൊന്നും ഉണ്ടായിരുന്നില്ലെന്നും ചില ഇടങ്ങളിൽ മാത്രമാണ് പ്രശ്നമുണ്ടായിരുന്നതെന്നും കോട്ടയം കളക്ടർ ട്വൻ്റി ഫോറിനോട് പ്രതികരിച്ചു. 55 ശതമാനത്തിൽ താഴെ വോട്ടിംഗ് നടന്ന 30 പോളിംഗ് സ്റ്റേഷനിലേക്കും കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. സ്ഥാനാർത്ഥിയുടെ പരാതികൾ പരിശോധിച്ചിരുന്നു. 6 മണിയ്ക്ക് മുൻപ് പോളിംഗ് ബൂത്തിൽ എത്തുന്ന എല്ലാവർക്കും വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്ന് കളക്ടർ നേരത്തേ തന്നെ വിശദീകരിച്ചിരുന്നു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ മികച്ച പോളിംഗ് ഇടതുപക്ഷത്തിന് പ്രതീക്ഷ നൽകുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു. ഇടതുപക്ഷം നല്ല രീതിയിൽ പ്രചരണം നടത്തി. നല്ല വിജയം ഉണ്ടാകുമെന്ന ആത്മവിശ്വാസമുണ്ട്. ഈസി വാക്ക് ഓവർ ആകുമെന്നാണ് കോൺഗ്രസ് കരുതിയതെന്നും അവർക്ക് തെറ്റിയെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.