Thursday, January 9, 2025
EducationKerala

എസ്എസ്എല്‍സി ഫലപ്രഖ്യാപനം 15ന്

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം 15ന് പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മൂല്യനിര്‍ണയം അവസാനഘട്ടത്തിലാണ്. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

കൊവിഡ് കാരണം സ്‌കൂള്‍ മേളകളൊന്നും നടക്കാത്തതിനാലാമാണ് ഇത്തവണ ഗ്രേസ് മാര്‍ക്ക് കൊടുക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ എത്തിയത്. സാധാരണഗതിയില്‍ പാഠ്യേതരപ്രവര്‍ത്തനങ്ങളുടെ മികവിനെ അടിസ്ഥാനമാക്കി നല്‍കുന്ന ഗ്രേസ് മാര്‍ക്ക് കൊണ്ടുള്ള ഗുണം വിവിധ മേഖലകളിലായി രണ്ട് ലക്ഷത്തോളം കുട്ടികള്‍ക്ക് ലഭിക്കുമായിരുന്നു.ഈ മാസം ഏഴിന് ആരംഭിച്ച പത്താം ക്ലാസ് പരീക്ഷയുടെ മൂല്യനിര്‍ണയം അവസാനഘട്ടത്തിലാണ്. എസ്എസ്എല്‍സി മൂല്യനിര്‍ണയത്തിനായി 70 ക്യാംപുകളിലായി 12,512 അധ്യാപകരെയും ടിഎച്ച്എസ്എല്‍സി പരീക്ഷയുടെ മൂല്യനിര്‍ണയത്തിനായി രണ്ട് ക്യാംപുകളിലായി 92 അധ്യാപകരെയുമാണ് നിയോഗിച്ചിട്ടുള്ളത്.എസ്എസ്എല്‍സി മൂല്യനിര്‍ണയ ക്യാംപിലെത്താന്‍ അധ്യാപകര്‍ക്ക് വേണ്ടി കെഎസ്ആര്‍ടിസി പ്രത്യേക ഗതാഗത സൗകര്യമൊരുക്കിയിരുന്നു. ഗതാഗത സൗകര്യം ഒരുക്കിയതിന് പുറമെ അധ്യാപകര്‍ക്ക് സെന്ററുകള്‍ മാറുന്നതിനുള്ള അനുമതിയും നല്‍കിയിരുന്നു. ഇതിനാല്‍ ഏതാണ്ട് എല്ലാ അധ്യാപകര്‍ക്കും മൂല്യനിര്‍ണയത്തിന് എത്തുന്നതിന് സാധിച്ചു. ഓണ്‍ലൈന്‍ ആയിട്ടാവും എസ്എസ്എല്‍സി പരീക്ഷാഫലം അറിയാന്‍ കഴിയുക. keralaresults.nic.in എന്ന വെബ്‌സൈറ്റ് വഴി ലോഗിന്‍ ചെയ്താല്‍ ഫലം അറിയാം.ഈ മാസം ആദ്യം ആരംഭിച്ച പ്ലസ്ടു മൂല്യനിര്‍ണയവും തുടരുകയാണ്. പ്ലസ്ടു മൂല്യനിര്‍ണയ ക്യാംപ് ഈ മാസം 19 വരെയാണ് നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *