Monday, April 14, 2025
Kerala

നെടുമ്പാശേരിയിലെത്തിയ റഷ്യൻ സ്വദേശിക്ക് കോവിഡ്; സാമ്പിൾ ഒമിക്രോൺ പരിശോധനയ്ക്ക് അയച്ചു

 

ബ്രിട്ടനിൽ നിന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ റഷ്യൻ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒമിക്രോൺ വകഭേദമാണോ എന്നറിയാൻ സാ൦പിൾ ജനിതക ശ്രേണി പരിശോധനയ്ക്ക് അയച്ചു. ഇദ്ദേഹത്തെ അമ്പലമുകൾ സർക്കാർ കോവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 25 വയസ്സുളള യുവാവിനാണ് റാപ്പിഡ് ടെസ്റ്റില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട രാജ്യമാണ് റഷ്യ.

അതേസമയം ഒമിക്രോണിൽ കേന്ദ്ര മാർഗനിർദേശം നടപ്പാക്കുന്നതിന് മുൻപ് സംസ്ഥാനത്ത് എത്തിയവരെ കണ്ടെത്തി മുൻകരുതലെടുക്കുന്നതിൽ വീഴ്ച്ച സംഭവിച്ചു. നവംബർ 29ന് റഷ്യയിൽ നിന്നെത്തിയവരിൽ ഒരാൾക്ക് കോവിഡ് സ്ഥീരീകരിച്ചിട്ടും കൂടെ യാത്ര ചെയ്തവരെ നിരീക്ഷണത്തിലാക്കുന്നത് വൈകി. സംഘത്തിൽ ഏറ്റവും കൂടുതൽ പേർ വിമാനമിറങ്ങിയ നെടുമ്പാശേരിയിലാണ് പലരും പരിശോധന പോലുമില്ലാതെ കടന്നുപോയത്. യാത്രാസംഘത്തിൽ ഉണ്ടായിരുന്നു വ്യക്തി തന്നെ ഇതുമായി ബന്ധപെട്ടു പരാതി നൽകിയെങ്കിലും ഇടപെടലുണ്ടായില്ല. കോവിഡ് സ്ഥിരീകരിച്ച ആളുടെ സാംപിൾ ഇന്നലെ മാത്രമാണ് ജനിതക പരിശോധനയ്ക്ക് അയച്ചത്.

28ന് റഷ്യയിൽ നിന്ന് വിനോദസഞ്ചാരം കഴിഞ്ഞ തിരികെയെത്തിയ മുപ്പതംഗ സംഘത്തിൽ പലരും പരിശോധന പോലുമില്ലാതെ കടന്നുപോയ വിവരം നേരത്തെ പുറത്തുവന്നിരുന്നു. പരിശോധിക്കുമെന്ന് സർക്കാരും പറഞ്ഞിരുന്നു. ഇതിൽ 2ന് സാംപിളെടുത്ത കോട്ടയം സ്വദേശിക്കാണ് പിന്നീട് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ കൂടെ യാത്ര ചെയ്തവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നതിൽ വലിയ വീഴ്ചയാണ് സംഭവിച്ചത്. കൂടെ യാത്ര ചെയ്ത, എറണാകുളത്ത് വിമാനമിറങ്ങിയ 24 പേരുടെ പട്ടിക ഇന്നലെ വൈകിട്ടോടെയാണ് തയാറായത്. അതുവരെ ഇവർ നിരീക്ഷണത്തിലായിരുന്നില്ല. തിങ്കളാഴ്ച്ച ഇവരെ പരിശോധിക്കും.

Leave a Reply

Your email address will not be published. Required fields are marked *