ഡീസല്‍വില കുറഞ്ഞെങ്കിലും അനിശ്ചിതകാല സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് സ്വകാര്യ ബസുടമകള്‍
ഡീസല്‍ വിലയില്‍ കുറവ് വന്നെങ്കിലും യാത്രാ നിരക്ക് കൂട്ടാതെ അനിശ്ചിതകാല സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് സ്വകാര്യ ബസുടമകള്‍. ഡീസല്‍ വില കുത്തനെ കൂട്ടിയ ശേഷം അല്‍പ്പം കുറവ് വരുത്തുന്നതു കൊണ്ട് പ്രതിസന്ധി ഇല്ലാതാകില്ലെന്നും സ്വകാര്യ ബസുടമകളുടെ സംഘനടകള്‍ പറയുന്നു.
അടിക്കടിയുണ്ടാകുന്ന ഡീസല്‍ വില വര്‍ധനയെത്തുടര്‍ന്നായിരുന്നു ഈ മാസം 9 മുതല്‍ അനിശ്ചിത കാല സമരം നടത്താന്‍ ബസുടമകള്‍ തീരുമാനിച്ചത്. കേന്ദ്ര എക്സൈസ് തീരുവ കുറച്ചതോടെ സംസ്ഥാനത്ത് ഡീസല്‍ വിലയില്‍ 12 രൂപയിലധികം കുറവ് വന്നെങ്കിലും ഇത് പര്യാപ്തമല്ലെന്ന നിലപാടിലാണ് ബസുടമകള്‍. അതിനാല്‍ പ്രഖ്യാപിച്ച സമരത്തില്‍ നിന്ന് പിന്നോട്ടില്ല.
ഒന്നര വര്‍ഷം കൊണ്ട് ഡീസലിന് പതിനാറ് രൂപയിലധികമാണ് കൂടിയത്. സ്പെയര്‍ പാര്‍ട്സുകള്‍ക്കും വില കൂടി. ഈ സാഹചര്യത്തില്‍ നിരക്ക് വര്‍ധനയല്ലാതെ മറ്റു വഴികളില്ലെന്നും ബസുടമകള്‍ പറയുന്നു. നികുതിയിളവ് നല്‍കണമെന്ന ആവശ്യവും മുന്നോട്ട് വയ്ക്കുന്നുണ്ട്. കോവിഡ് കാലത്ത് യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് യാത്രാ നിരക്ക് കിലോ മീറ്ററിന് 20 പൈസ വര്‍ധിപ്പിച്ചിരുന്നു.