കൊവിഡ് മരണം; കുടുംബത്തിനുള്ള ധനസഹായ അപേക്ഷക്ക് വെബ്‌സൈറ്റ് സജ്ജമായി
തിരുവനന്തപുരം: കൊവിഡ് മരണം സംഭവിച്ച വ്യക്തിയുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിനായി അപേക്ഷിക്കുന്നതിനുള്ള വെബ്‌സൈറ്റ് സജ്ജമായെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. www.relief.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷക്കൊപ്പം താഴെ പറയുന്ന രേഖകള്‍ കൂടി നല്‍കണം. കൊവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെ മരണ സര്‍ട്ടിഫിക്കറ്റ് (ICMR നല്‍കിയ മരണ സര്‍ട്ടിഫിക്കറ്റ്, Death Declaration Document), അപേക്ഷകന്റെ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബേങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍, അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് ലഭ്യമാണെങ്കില്‍ ആയതിന്റെ പകര്‍പ്പ്.
മരണപ്പെട്ടവരുടെ അടുത്ത ബന്ധുവാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍ അപേക്ഷകര്‍ സമര്‍പ്പിച്ച രേഖകളും വസ്തുതയും പരിശോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് റിപ്പോര്‍ട്ട് കൈമാറും. അതോറിറ്റി അപേക്ഷ പരിശോധിച്ച് അന്തിമ അംഗീകാരം നല്‍കും. ആ പരിശോധനക്ക് ശേഷം മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 50,000 രൂപയും കൊവിഡ് ബാധിച്ച മരണപ്പെടുന്ന വ്യക്തിയെ ആശ്രയിച്ചു കഴിയുന്ന ബി പി എല്‍ കുടുംബങ്ങള്‍ക്ക് 36 മാസക്കാലത്തേക്ക് പ്രതിമാസം 5,000 രൂപയും ബേങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറും. സമര്‍പ്പിച്ച അപേക്ഷയുടെ തത്സ്ഥിതി പരിശോധിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.