Monday, January 6, 2025
Kerala

കെ.എസ്.ആർ.ടി.സി ശമ്പള വിതരണം; ഇന്ന് മുഖ്യമന്ത്രിയുടെ സാനിദ്ധ്യത്തിൽ യൂണിയനുകളുമായി ചർച്ച

കെ.എസ്.ആർ.ടി.സി ശമ്പള വിഷയത്തിൽ മുഖ്യമന്ത്രിയുടെ സാനിദ്ധ്യത്തിൽ യൂണിയനുകളുമായി ഇന്ന് ചർച്ച നടക്കും. ഇന്നെങ്കിലും പ്രശ്നപരിഹാരം ഉണ്ടാകുമെന്നുള്ള പ്രതീക്ഷയിലാണ് ജീവനക്കാർ. ജൂലൈ മാസത്തെ പകുതി ശമ്പളവിതരണം ഇന്ന് ആരംഭിക്കാനുള്ള നീക്കങ്ങളാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്.

ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് കൂപ്പൺ അനുവദിച്ച് ഉത്തരവിറങ്ങിയിരുന്നു. സപ്ലൈക്കോ, കൺസ്യൂമർ ഫെഡ്, മാവേലി സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങാനുള്ള കൂപ്പണാണ് ജീവനക്കാർക്ക് നൽകുന്നത്. ജൂലൈ,ആഗസ്റ്റ് മാസത്തെ ശമ്പളത്തിന്റെ മൂന്നിൽ രണ്ട് ഭാഗത്തിനു പകരമാണ് കൂപ്പൺ അനുവദിച്ചത്. തൊഴിലാളി യൂണിയനുകളുടെ പ്രതിഷേധത്തിനിടെയാണ് കൂപ്പൺ ഇറക്കിയതെന്നതും ശ്രദ്ധേയമാണ്.

കെ.എസ്.ആർ.ടി.സിക്ക് അടിയന്തിര സഹായമായി 50 കോടി ധനവകുപ്പ് അനുവദിച്ചിരുന്നു. ശമ്പളവിതരണത്തിന് 50 കോടി അടിയന്തരമായി സര്‍ക്കാര്‍ കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് തുക
അനുവദിച്ചത്. കൂപ്പണ്‍ സ്വീകരിക്കാത്തവരുടെ ശമ്പളം കുടിശികയായി നിലനിര്‍ത്തും.

കെ.എസ്.ആർ.ടി.സിക്ക് 103 കോടി നൽകണമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ നൽകിയ അപ്പീലിലാണ് ഹൈക്കോടതി കൂപ്പൺ നൽകാനുള്ള നി‍ർദേശം മുന്നോട്ട് വച്ചത്. പിന്നാലെയാണ് കോടതി ഉത്തരവും വന്നത്. പ്രതിസന്ധി നേരിടുന്ന കെ.എസ്.ആർ.ടി.സിക്ക് ഓണക്കാലത്ത് സർക്കാർ 50 കോടി നൽകുമെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിലും പറഞ്ഞിരുന്നു. അതേ സമയം കൂപ്പണുകൾ നൽകാമെന്ന നിർദ്ദേശത്തെ ജീവനക്കാരിൽ ഭൂരിഭാ​ഗവും എതിർക്കുകയാണ്. കുടിശികയുള്ള ശമ്പളത്തിന് പകരം കൂപ്പണുകൾ ആവശ്യമില്ലെന്നാണ് ജീവനക്കാരുടെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *