Thursday, January 9, 2025
Kerala

കൊല്ലം സുധിയുടെ മരണം: അനുശോചനം അറിയിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

സിനിമ / സീരിയൽ താരം കൊല്ലം സുധിയുടെ മരണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധിയുടെ അകാലവിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു എന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ അറിയിച്ചു. ജീവിത സാഹചര്യങ്ങളോട് പൊരുതി ജയിച്ച് മുൻ നിരയിലേക്ക് കയറി വന്ന കലാകാരനായിരുന്നു കൊല്ലം സുധിയുടെ അകാലത്തിലുള്ള വേർപാട് കലാരംഗത്തിന് വലിയ നഷ്ടമാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വാർത്താകുറിപ്പിലൂടെ പറഞ്ഞു.

അനുകരണ കലയിലും അഭിനയത്തിലും മികവ് തെളിയിച്ച അനുഗ്രഹീത കലാകാരൻ. സ്റ്റേജ് ഷോകളിൽ അപാരമായ ഊർജത്തോടെ പങ്കെടുക്കുന്ന പ്രതിഭാശാലിയായിരുന്നു കൊല്ലം സുധി. കൊല്ലം സുധിക്ക് ആദരാഞ്ജലികൾ നേർന്ന സതീശൻ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ആരാധകരുടെയും ദു:ഖത്തിൽ പങ്ക് ചേരുന്നതായും അറിയിച്ചു. കൂടാതെ, ഫ്‌ളവേഴ്‌സ് കുടുംബത്തിലെ അംഗമായ കൊല്ലം സുധിയുടെ മരണത്തിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അനുസ്മരിച്ചു. മികച്ച ഒരു ഹാസ്യകലാകാരനായിരുന്നു സുധിയെന്ന് അദ്ദേഹം പരാമർശിച്ചു.

പ്രേക്ഷകരെ ഹാസ്യത്തിലൂടെ കയ്യിലെടുത്ത സിനിമാ നടനും ഫ്ളവേഴ്‌സ് ടിവി താരവുമായ കൊല്ലം സുധി വാഹനാപകടത്തിൽ ഇന്ന് രാവിലെയാണ് വാഹനാപകടത്തിൽ മരണപ്പെട്ടത്. തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ചാണ് അപകടമുണ്ടായത്. താരം സഞ്ചരിച്ച വാഹനം പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. തൊടുപുഴ സ്വദേശിയുടെ പിക്കപ്പ് വാനാണ് താരം സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിച്ചത്. വടകരയിൽ ട്വന്റിഫോർ കണക്ട് സമാപന ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേയായിരുന്നു താരത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന താരങ്ങളായ ബിനു അടിമാലി, ഉല്ലാസ്, മഹേഷ് എന്നിവർക്കും അപകടത്തിൽ പരുക്കേറ്റു. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *