കോന്നിയിൽ നിർമാണത്തിലിരുന്ന വീടിന്റെ മേൽക്കൂര തകർന്നുവീണ് തൊഴിലാളി മരിച്ചു
പത്തനംതിട്ട കോന്നിയിൽ നിർമാണത്തിലിരുന്ന വീടിന്റെ മേൽക്കൂര തകർന്നുവീണ് തൊഴിലാളി മരിച്ചു. മങ്ങാനം പുതുപ്പറമ്പിൽ അതുൽ കൃഷ്ണ(31)യാണ് മരിച്ചത്. കോൺക്രീറ്റ് മേൽക്കൂര തകർന്നുവീഴുകയായിരുന്നു. ഭിത്തിക്കും കോൺക്രീറ്റിനും ഇടയിൽപ്പെട്ട അതുലിന്റെ മൃതദേഹം രണ്ട് മണിക്കൂറുകൾക്ക് ശേഷമാണ് പുറത്തെടുക്കാനായത്
ഇരുനില കെട്ടിടത്തിന്റെ മുകൾ നിലയിലെ തട്ട് പൊളിക്കുമ്പോഴാണ് അപകടം നടന്നത്. തട്ട് പൊളിക്കുന്നതിനിടെ മേൽക്കൂര അടർന്നു അതുൽകൃഷ്ണയുടെ ദേഹത്ത് പതിക്കുകയായിരുന്നു. പത്തനംതിട്ടയിൽ നിന്ന് ഫയർഫോഴ്‌സ് എത്തി രണ്ടര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്.
വീട് നിർമിച്ച് വിൽപ്പന നടത്തിവരുന്ന ജോസ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വീട്. മുകൾ നിലയുടെ കോൺക്രീറ്റ് പൂർത്തിയായിട്ട് രണ്ടാഴ്ചയിൽ താഴെ മാത്രമേ ആയിട്ടുള്ളു. അശാസ്ത്രീയമായ നിർമാണരീതിയിലാണ് അപകടത്തിലേക്ക് വഴിവെച്ചതെന്നാണ് വിവരം.