കണ്ണൂര്‍ സര്‍വകലാശാലയിലെ ഉത്തരക്കടലാസുകള്‍ റോഡരികില്‍; അധ്യാപകനെതിരേ നടപടി
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ ഉത്തരക്കടലാസുകള്‍ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സര്‍വകലാശാലയിലെ വിദൂര വിദ്യഭാസ വിഭാഗം ബികോം രണ്ടാം വര്‍ഷ പരീക്ഷയുടെ നൂറു കണക്കിന് ഉത്തര കടലാസുകളാണ് റോഡരികില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അധ്യാപകനെതിരെ നടപടിയുണ്ടാകുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഡോ പിജെ വിന്‍സന്റ്.
ഇന്ന് രാവിലെ മലപ്പട്ടം ചൂളിയാട്ട് നിന്നാണ് ഒരു കെട്ട് ഉത്തരക്കടലാസുകള്‍ ലഭിച്ചത്. ഡിസംബര്‍ 23 നാണ് പരീക്ഷ നടന്നത്. ഈ പരീക്ഷയുടേതാണ് കളഞ്ഞുകിട്ടിയ ഉത്തരക്കടലാസുകള്‍. മൂല്യനിര്‍ണയം നടത്തിയ ഉത്തരക്കടലാസുകളാണിവ. പരീക്ഷയുടെ ഫലം ഇതുവരെ വന്നിട്ടില്ല. വീട്ടില്‍ നിന്ന് മൂല്യനിര്‍ണയം നടത്താന്‍ വേണ്ടി സര്‍വകലാശാലയില്‍ നിന്നും മയ്യില്‍ ഐടിഎം കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ എംസി രാജേഷ് ഒപ്പിട്ട് കൈപ്പറ്റിയ ഉത്തരക്കടലാസുകളാണ് വഴിയില്‍ നിന്ന് കിട്ടിയതെന്ന് തിരിച്ചറിഞ്ഞു. സംഭവത്തില്‍ പ്രൊ വിസി എ സാബു അധ്യക്ഷനായ സമിതിക്ക് അന്വേഷണ ചുമതല നല്‍കി. അധ്യാപകന്‍ ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ഉത്തരകടലാസുകള്‍ വഴിയില്‍ വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. സംഭവത്തില്‍ യൂണിവേഴ്‌സിറ്റിയുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് പരീക്ഷാ കണ്‍ട്രോളര്‍ പറഞ്ഞു. കുറ്റക്കാരനായ അധ്യാപകനെ പരീക്ഷാ ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
മൂല്യനിര്‍ണയത്തിന് ശേഷം ഉത്തരക്കടലാസുമായി ബൈക്കില്‍ പോകുന്നതിനിടെയാണ് നഷ്ടപ്പെട്ടതെന്ന് അധ്യാപകനായ എംസി രാജേഷ് പറഞ്ഞു. ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നതായും അധ്യാപകന്‍ വ്യക്തമാക്കി. സംഭവം വിവാദമായതോടെ പരീക്ഷാ ബോര്‍ഡ് അടിയന്തിര യോഗം ചേര്‍ന്നു. സംഭവം അന്വേഷിക്കാനും മൂല്യനിര്‍ണയം നടത്തിയ അധ്യാപകനോട് വിശദീകരണം തേടാനും തീരുമാനിച്ചു.