സംസ്ഥാനത്ത് മൂന്ന് പേരില്‍ ഒമിക്രോണ്‍ സംശയം; പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും
കോഴിക്കോട്: സംസ്ഥാനത്ത് ഒമിക്രോണ്‍ വകഭേദം സംശയിക്കുന്ന മൂന്ന് പേരുടെ ജനിതക ശ്രേണീകരണ ഫലം ഇന്ന് ലഭിച്ചേക്കും. പരിശോധനയുടെ വേഗത കൂട്ടാനുള്ള നിര്‍ദേശം ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്. എത്രയും വേഗം തന്നെ പരിശോധനാ ഫലം നല്‍കണമെന്നുള്ള ആവശ്യവും ഉന്നയിച്ചിട്ടുള്ളതായാണ് വിവരം.
ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നെത്തിയ രണ്ട് പേരും ഒരാളുടെ അമ്മയുമാണ് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഒമിക്രോണ്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. മൂന്ന് പേരും കോവിഡിന്റെ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരുമായിരുന്നു.
ബ്രിട്ടണില്‍ നിന്ന് കോഴിക്കോടെത്തിയ ആരോഗ്യപ്രവര്‍ത്തകനാണ് ഒരാള്‍. സമ്പര്‍ക്കത്തിലൂടെ ഇയാളുടെ മാതാവിനും കോവിഡ് ബാധിച്ചിട്ടുണ്ട്. ഇരുവരേയും ബീച്ച് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരുടെ സാമ്പിളുകള്‍ തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരിശോധിക്കുന്നത്.
നവംബര്‍ 21 നാണ് ആരോഗ്യ പ്രവര്‍ത്തകന്‍ ബ്രിട്ടണില്‍ നിന്ന് എത്തിയത്. തുടര്‍ന്ന് 26-ാം തീയതിയാണ് കോവിഡ് പോസിറ്റീവ് ആയത്. എന്നാല്‍ ഇദ്ദേഹം പല ജില്ലകളിലേക്കും യാത്ര ചെയ്തിട്ടുള്ളതായും സമ്പര്‍ക്ക പട്ടികയില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെടാനുള്ള സാധ്യതയുണ്ടെന്നുമാണ് വിവരം.
ജര്‍മനിയില്‍ നിന്ന് ഇന്നലെ കോഴിക്കോട് എത്തിയ തമിഴ്നാട് സ്വദേശിനിയാണ് ഒമിക്രോണ്‍ സംശയിക്കുന്ന മൂന്നമത്തെ വ്യക്തി. ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇവരുടെ സാമ്പിള്‍ പൂനെ വൈറോളി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരിശോധിക്കുന്നത്.