Monday, January 6, 2025
Kerala

കെഎസ്ഇബി ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്ത് വിനോദയാത്രയ്ക്ക് പോയി; വൈദ്യുതി മുടങ്ങിയത് 16 മണിക്കൂർ

ഇടുക്കി പീരുമേട്ടിൽ കെഎസ്ഇബി ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്ത് വിനോദയാത്രയ്ക്ക് പോയതിന് പിന്നാലെ വൈദ്യുതി മുടങ്ങിയത് 16 മണിക്കൂർ. പീരുമേട് ഫീഡറിൻറെ പരിധിയിലെ നാലായിരത്തോളം ഉപഭോക്താക്കളാണ് കഴിഞ്ഞ വെള്ളിയാഴ്ച മണിക്കൂറുകളോളം ഇരുട്ടിലായത്. സംഭവത്തിൽ കെഎസ്ഇബി വകുപ്പുതല അന്വേഷണം ആരംഭിച്ചു.

14 ജീവനക്കാരാണ് അവധിയെടുത്ത് ഇതര സംസ്ഥാനത്തേക്ക് വിനോദയാത്ര പോയത്. അതും കെഎസ്ഇ ബോർഡിൻറെ അനുമതി ഇല്ലാതെയാണെന്നും പരാതിയുണ്ട്. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട താലൂക്ക് ഓഫിസ്, താലൂക്ക് ആശുപത്രി, സബ് ജയിൽ, പൊലീസ് സ്റ്റേഷൻ ഉൾപ്പെടെയാണ് 16 മണിക്കൂർ ഇരുട്ടിൽ. വിനോദസഞ്ചാരികളും വലഞ്ഞു. നാട്ടുകാർ പോത്തുപാറയിലുള്ള സെക്ഷൻ ഓഫിസിലേക്കു വിളിച്ചപ്പോൾ എല്ലാവരും ടൂർ പോയി എന്നായിരുന്നു മറുപടി.

വെള്ളിയാഴ്ച രാത്രി വനിത സബ് എൻജീനിയറുടെയും, പ്രദേശവാസിയായ വണ്ടിപ്പെരിയാറിലെ സബ് എൻജീനിയറുടെ നേതൃത്വത്തിൽ തകരാർ പരിഹരിക്കാൻ ശ്രമിച്ചു. ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനാൽ ലൈനിലെ തകരാർ കണ്ടെത്താനായില്ല. ശനിയാഴ്ച രാവിലെ 10 മണിക്കാണ് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്. സംഭവത്തിൽ പീരുമേട് അസിസ്റ്റൻറെ എക്‌സിക്യൂട്ടീവ് എൻജിനീയറോട് റിപ്പോർട്ട് സമർപ്പിക്കാൻ കെഎസ്ഇബി ആവശ്യപ്പെട്ടിട്ടു.

Leave a Reply

Your email address will not be published. Required fields are marked *