മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെട്ട കേസ് അട്ടിമറിക്കാൻ അണിയറ നീക്കങ്ങൾ
മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെട്ട കേസ് അട്ടിമറിക്കാൻ അണിയറ നീക്കങ്ങൾ . ശ്രീറാം ആരോഗ്യവകുപ്പിൽ ജോയിന്റ് സെക്രട്ടറിയായതിനാൽ ഉന്നത ബന്ധങ്ങൾ ഉപയോഗിച്ചു ഡോക്ടർമാർ അടക്കമുള്ളവരെ വിചാരണവേളയിൽ സ്വാധീനിക്കാനുള്ള നീക്കങ്ങളാണു നടക്കുന്നത്.
ലാബുകളിലെ കോവിഡ് പരിശോധനയുടെ മേൽനോട്ടമായിരുന്നു ശ്രീറാമിന് ആദ്യം നൽകിയത്. ഇപ്പോൾ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളുടെ ചുമതലയാണ്. കോവിഡ് കാലമായതിനാലാണു ഡോക്ടറായ ശ്രീറാമിനെ ആരോഗ്യവകുപ്പിൽ നിയമിച്ചതെന്നാണു സർക്കാർ വിശദീകരണം.
ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരുടെ റിപ്പോർട്ടുകളും മൊഴികളും കേസിൽ നിർണായകമാണ്. ശ്രീറാം ഓടിച്ച കാർ അമിത വേഗത്തിൽ സഞ്ചരിച്ചതായും ഡ്രൈവിങ് സീറ്റിലിരിക്കുമ്പോഴുണ്ടായ പരുക്കുകളാണു ശ്രീറാമിനുള്ളതെന്നും മെഡിക്കൽ കോളജ് ന്യൂറോ വിഭാഗത്തിന്റെ റിപ്പോർട്ടുണ്ട്.
രക്തം എടുക്കാൻ ശ്രീറാം വിസമ്മതിച്ചതായി സ്വകാര്യ ആശുപത്രിയിലെ നഴ്സും പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ഇതിനു പുറമേ അപകടം നേരിട്ടു കണ്ടവരുടെ മൊഴികളുമുണ്ട്. ആരോഗ്യവകുപ്പിലെ ഉന്നത പദവിയിലിരിക്കുമ്പോൾ സ്വാധീനം ഉപയോഗിച്ച് കേസ് അനുകൂലമാക്കാൻ ശ്രീറാം ശ്രമിക്കുമെന്നു ബഷീറിന്റെ ബന്ധുക്കൾക്കും സുഹൃത്തുകൾക്കും ആശങ്കയുണ്ട്.