കരിപ്പൂർ സ്വർണക്കടത്ത് കേസ്: അർജുൻ ആയങ്കിയെ ഇന്ന് കൊച്ചിയിലെത്തിക്കും
കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പ്രതികളായ അർജുൻ ആയങ്കിയെയും മുഹമ്മദ് ഷഫീക്കിനെയും ഇന്നും ചോദ്യം ചെയ്യും. കണ്ണൂരിലെ തെളിവെടുപ്പിന് ശേഷം അർജുനെ ഇന്ന് കസ്റ്റംസ് സംഘം കൊച്ചിയിലെത്തിക്കും. ഇന്നലെ അർജുൻ ആയങ്കിയുടെ വീട്ടിലും കാർ ആദ്യം ഒളിപ്പിച്ചുവെച്ച സ്ഥലത്തും തെളിവെടുപ്പ് നടത്തിയിരുന്നു
അർജുന്റെ വീട്ടിൽ നിന്ന് ലാപ്‌ടോപ്പും നിരവധി രേഖകളും കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അർജുൻ ആയങ്കിയുടെ ഭാര്യയെ കേസിൽ നാളെ ചോദ്യം ചെയ്യും. കൂടാതെ ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് നിർദേശിച്ചിട്ടുണ്ട്
രാമനാട്ടുകരയിൽ അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തെ തുടർന്നാണ് കരിപ്പൂർ സ്വർണക്കടത്തും സ്വർണക്കടത്ത് ക്വട്ടേഷനും സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്. ഇതേ തുടർന്ന് മുഹമ്മദ് ഷാഫിക്കൊപ്പമാണ് അർജുൻ ഒളിവിൽ കഴിഞ്ഞതെന്നാണ് സൂചന. തട്ടിയെടുക്കുന്ന സ്വർണത്തിന്റെ ഒരു വിഹിതം ടിപി വധക്കേസ് പ്രതികൾക്ക് നൽകിയിരുന്നതായി അർജുൻ മൊഴി കൊടുത്തിട്ടുണ്ട്.