ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടിക പുറത്തെത്തിയതിന് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; കെ സി വേണുഗോപാല്‍ വിഭാഗം പട്ടിക ഹൈജാക്ക് ചെയ്‌തെന്ന് ആക്ഷേപം
ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കെ സി വേണുഗോപാല്‍ പക്ഷം പട്ടിക ഹൈജാക്ക് ചെയ്‌തെന്നാണ് ഗ്രൂപ്പുകളുടെ ആക്ഷേപം. ആകെ 282 ബ്ലോക്കുകളാണുള്ളത്. ഇതില്‍ 230 ബ്ലോക്ക് പ്രസിഡന്റുമാരെയാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
മൂന്ന് ജില്ലകള്‍ പൂര്‍ണമായി ഒഴിച്ചിട്ടിട്ടുണ്ട്. തിരുവനന്തപുരം, മലപ്പുറം, കോട്ടയം എന്നീ മൂന്ന് ജില്ലകളെയാണ് ഒഴിച്ചിട്ടിത്. ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവിടുന്നതിന് മുന്‍പ് കൂടിയാലോചന നടത്തിയില്ലെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ പരാതി. മൂന്ന് ജില്ലകളെ ഒഴിച്ചിട്ട നടപടിയും ശരിയായില്ലെന്നാണ് ഗ്രൂപ്പുകളുടെ വിമര്‍ശനം.
മുന്‍ കെപിസിസി പ്രസിഡന്റുമാരായിരുന്ന രമേശ് ചെന്നിത്തല, എം എം ഹസന്‍, കെ മുരളീധരന്‍ മുതലായ നേതാക്കളുമായി പട്ടിക തയാറാക്കുന്ന ഘട്ടത്തില്‍ കൂടിയാലോചന നടത്തണമെന്ന് ചിന്തന്‍ ശിബിറില്‍ ഉള്‍പ്പെടെ നിര്‍ദേശം ഉയര്‍ന്നിരുന്നു. എന്നാല്‍ 230 ബ്ലോക്ക് പ്രസിഡന്റുമാരെ നിശ്ചയിക്കുന്നതില്‍ യാതൊരുവിധ കൂടിയാലോചനയും നേതാക്കളുമായി നടത്തിയിരുന്നില്ലെന്ന് ഗ്രൂപ്പുകള്‍ ആരോപിക്കുന്നു. എ, ഐ ഗ്രൂപ്പുകള്‍ക്ക് പുറമേ ശശി തരൂര്‍ വിഭാഗത്തിനും ഈ വിഷയത്തില്‍ പരാതിയുണ്ട്. തങ്ങളുടെ അഭിപ്രായങ്ങളും പരാതികളും വിശദീകരിച്ച് ഗ്രൂപ്പുകള്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന് കത്തയച്ചിട്ടുമുണ്ട്. എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയേയും സോണിയാ ഗാന്ധിയേയും നേരിട്ട് എതിര്‍പ്പറിയിക്കാനാണ് ഗ്രൂപ്പുകളുടെ നീക്കം.