കടുത്തുരുത്തിയിലെ ആതിരയുടെ ആത്മഹത്യ; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്
സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിക്ക് വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പരാതി ലഭിച്ച് നാലു ദിവസമായിട്ടും പ്രതി അരുണ്‍ വിദ്യാധരനെ പിടികൂടാനാവാത്തത്തോടെയാണ് പൊലീസ് നടപടി. അരുണിന് വേണ്ടിയുള്ള തെരച്ചില്‍ തമിഴ്‌നാട് കേന്ദ്രീകരിച്ചു തുടരുകയാണ്.
സൈബര്‍ അധിക്ഷേപത്തില്‍ മനംനൊന്ത് കടുത്തുരുത്തി സ്വദേശി ആതിര ആത്മഹത്യ ചെയ്തത് ഞായറാഴ്ചയാണ്. സംഭവം നടന്ന് രണ്ട് ദിവസമായിട്ടും പൊലീസിന് പ്രതിയെ പിടികൂടാനായിട്ടില്ല. അരുണ്‍ വിദ്യാധരന്‍ കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയുകയാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ തുടരുകയാണ്. തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്.
പ്രതിയെ പിടികൂടാത്തതില്‍ ഇതിനോടകം പ്രതിഷേധം ശക്തമാണ്. കടുത്തുരുത്തി സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിയെ പിടികൂടുന്നതില്‍ ഗുരുതര അലംഭാവമുണ്ടെന്ന് ആരോപിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, എസ്എച്ച്ഒയെ ഉപരോധിച്ചു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.
സംഘര്‍ഷത്തിനിടെ സ്റ്റേഷനില്‍ എത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും പൊലീസ് തടഞ്ഞു. അതെ സമയം പൊലീസ് അന്വേഷണം തൃപ്തികരമാണെന്ന് ആതിരയുടെ സഹോദരി ഭര്‍ത്താവ് ആശിഷ് ദാസ് ഐഎഎസ് ട്വന്റിഫോറിനോട് പറഞ്ഞു. പൊലീസിനെതിരെ പരാതിയില്ലന്നും കുടുംബം വ്യക്തമാക്കി.