മിഷൻ അരിക്കൊമ്പൻ; വിദഗ്ധ സമിതിയുടെ നിർണായക യോഗം ഇന്ന്
ഇടുക്കി ചിന്നക്കനാലിൽ ആക്രമണം തുടരുന്ന ഒറ്റയാൻ അരിക്കൊമ്പൻ കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കെ വിദഗ്ധ സമിതി ഇന്ന് നിർണായക യോഗം ചേരും. കോടതിയിൽ സമർപ്പിക്കേണ്ട റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് അന്തിമ യോഗം ചേരുന്നത്. രാവിലെ 10.30ന് കൊച്ചിയിൽ നടക്കുന്ന യോഗത്തിൽ വിദഗ്ധ സമിതിയിലെ അഞ്ചംഗങ്ങളും പങ്കെടുക്കും. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നാളെ കേസ് വീണ്ടും പരിഗണിക്കും.
ഇന്നലെയായിരുന്നു അരിക്കൊമ്പന്‍ വിഷയവുമായി ബന്ധപ്പെട്ട വിദഗ്ധ സമിതി, ഇടുക്കിയില്‍ നേരിട്ട് എത്തി നാട്ടുകാരെ കാണുകയും കാട്ടാന ആക്രമണം രൂക്ഷമായ മേഖലകളില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തത്. ഈ സമിതി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും മിഷൻ അരിക്കൊമ്പന്റെ ഭാവി കോടതി തീരുമാനിക്കുക. അതേസമയം സിങ്കുകണ്ടത്ത് രാപ്പകല്‍ സമരം തുടരുകയാണ് നാട്ടുകാര്‍. കോടതിയില്‍ നിന്നും അനുകൂലമായ വിധി ഉണ്ടാകുന്നത് വരെ സമരം തുടരുവാനാണ് ജനകീയ സമിതിയുടെ തീരുമാനം.