Friday, January 24, 2025
Kerala

വൈപ്പിനില്‍ സ്ലാബ് തകര്‍ന്ന് അമ്മയും കുഞ്ഞും സെപ്റ്റിക് ടാങ്കില്‍ വീണ സംഭവം: അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കൊച്ചി വൈപ്പിനില്‍ സ്ലാബ് തകര്‍ന്ന് അമ്മയും കുഞ്ഞും സെപ്റ്റിക് ടാങ്കില്‍ വീണ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. ഇന്നലെയുണ്ടായ അപകടത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അപകടത്തില്‍പ്പെട്ടവരുടെ കുടുംബം മുളവുകാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കൊച്ചി വാട്ടര്‍ മെട്രോയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുന്‍പ് ഇന്നലെ അപകടം നടന്ന സ്ഥലത്തെ ടൈലുകള്‍ നീക്കം ചെയ്തിരുന്നു. പിന്നീട് അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നില്ല. ടൈലുകള്‍ മാറ്റിയതോടെയാണ് കാലപ്പഴക്കം ചെന്ന സ്ലാബുകള്‍ മുകളിലേക്ക് വന്നത്. ഇതില്‍ ചവിട്ടിയപ്പോഴാണ് അമ്മയും കുഞ്ഞും സെപ്റ്റിക് ടാങ്കിലേക്ക് വീഴുന്ന സ്ഥിതിയുണ്ടായത്. വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

വൈപ്പിന്‍ ജങ്കാറില്‍ ടിക്കറ്റ് എടുത്ത് തിരിച്ച് വരുമ്പോഴാണ് അപകടമുണ്ടായത്. അത്താണി ചെങ്ങമനാട് സ്വദേശികളായ നൗഫിയ, മൂന്നര വയസുകാരന്‍ റസൂല്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ചുറ്റും ഉണ്ടായിരുന്ന ആളുകളുടെ സമയബന്ധിതമായ ഇടപെടലാണ് വലിയൊരു അപകടത്തില്‍ നിന്നും അമ്മയെയും കുഞ്ഞിനേയും രക്ഷപെടുത്തിയത്.

സ്ലാബ് നേരത്തെ തന്നെ പോയിരിക്കുകയായിരുന്നു. ഇത് അമ്മയുടെ ശ്രദ്ധയില്‍പെടാത്തതായിരുന്നു അപകടത്തിന് കാരണം. പരിക്കേറ്റ ഇരുവരെയും ഫോര്‍ട്ട് കൊച്ചി താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാന തകരുന്ന സംഭവങ്ങള്‍ നിലവില്‍ കൊച്ചിയില്‍ സ്ഥിരമായ കാഴ്ചയാണ്.

Leave a Reply

Your email address will not be published. Required fields are marked *