അരവണ നിര്‍മാണത്തിന് ഉപയോഗിക്കുന്നത് നിലവാരമില്ലാത്ത ഏലയ്ക്ക; ലാബ് റിപ്പോര്‍ട്ട്
ശബരിമലയിലെ അരവണ പ്രസാദ നിര്‍മ്മാണത്തിനുപയോഗിക്കുന്നത് ഗുണനിലവാരമില്ലാത്ത ഏലയ്ക്കയെന്ന് ലാബ് റിപ്പോര്‍ട്ട്. കീടനാശിനിയുടെ അംശം അടങ്ങിയ സുരക്ഷിതമല്ലാത്ത ഏലയ്ക്കയാണ് അരവണ നിര്‍മിക്കുന്നതിനായി ഉപയോഗിക്കുന്നതെന്നാണ് കണ്ടെത്തല്‍. തിരുവനന്തപുരം ലാബിന്റെ പരിശോധനാ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഹൈക്കോടതി നിര്‍ദേശ പ്രകാരമായിരുന്നു പരിശോധന.
ഏലയ്ക്കാ വിതരണം സംബന്ധിച്ച് അയ്യപ്പാ സ്‌പൈസസ് കമ്പനി നല്‍കിയ ഹര്‍ജി പരിഗണിച്ച ശേഷമായിരുന്നു പരിശോധന നടത്തണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശം. ലാബ് പരിശോധനാ റിപ്പോര്‍ട്ടടക്കം ഹൈക്കോടതി നാളെ പരിഗണിക്കും.
മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായുള്ള പൂജകള്‍ ശബരിമലയില്‍ പുരോഗമിക്കുകയാണ്. എട്ടാം തിയതി വരെയുള്ള വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ് നൂറ് ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. മകരവിളക്ക് ദിനമായ 14 നും തലേന്നും ദര്‍ശനം നടത്താന്‍ ബുക്ക് ചെയ്തവരുടെ എണ്ണം 90,000 ത്തിനു അടുത്തെത്തി. പിന്നീടുള്ള ദിവസങ്ങളില്‍ ബുക്കിങ് കുറവാണ്.
ജനുവരി ഒന്ന് മുതല്‍ 19 വരെ 12,42,304 പേരാണ് വെര്‍ച്ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തത്. 4,67,696 സ്‌പോട്ടാണ് ഇനി ബാക്കിയുള്ളത്. വെര്‍ച്ച്വല്‍ ക്യൂവിലൂടെ പരമാവധി 90,000 പേര്‍ക്കാണ് ഒരു ദിവസം ദര്‍ശനം നടത്താനാകുക.
സ്‌പോട്ട് ബുക്കിങ്ങിലൂടെ 10,000 ത്തോളം പേര്‍ സന്നിധാനത്ത് എത്തുന്നുണ്ട്. പുല്‍മേട് വഴി ശരാശരി ഒരു ദിവസം 1500 മുതല്‍ 2000 പേര്‍ വരെയാണ് ദര്‍ശനത്തിനു വരുന്നത്. വൈകിട്ട് നാലു മണി വരെയാണ് പുല്‍മേട്ടിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുക.