ശശി തരൂരിന് ഈരാട്ടുപേട്ടയിൽ വമ്പൻ സ്വീകരണം ഒരുക്കി യൂത്ത് കോൺഗ്രസ്
ശശി തരൂരിന് ഈരാട്ടുപേട്ടയിൽ വമ്പൻ സ്വീകരണം ഒരുക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ചേനാട് കവലയിൽ നിന്ന് മുട്ടം ജംഗ്ഷനിലേക്ക് പ്രവർത്തകർ കാൽനടയായി തരൂരിനെ ആനയിക്കും. വാദ്യ മേളങ്ങളുടെ അകമ്പടിയോട് കൂടിയാണ് സ്വീകരണം നൽകുന്നത്. തുറന്ന ജീപ്പിൽ ആയിരിക്കും ശശി തരൂർ സമ്മേളന വേദിയിൽ എത്തുക. ഏഴര കഴിഞ്ഞ് ശശിതരൂർ ഈരാറ്റുപേട്ടയിൽ എത്തും.
എംജി സർവകലാശാല മുൻവൈസ് ചാൻസിലറും കെഎം ചാണ്ടി ഫൗണ്ടേഷൻ ചെയർമാനുമായ സിറിയക് തോമസ് കോൺഗ്രസ് എംപി ശശി തരൂരിനെ കോട്ടയത്ത് നിന്ന് മത്സരിക്കാൻ ക്ഷണിച്ചിരിക്കുകയാണ്. 2024ൽ കോട്ടയം ലോക്സഭാ സീറ്റിൽ മത്സരിച്ചാൽ പ്രധാനമന്ത്രിയോ പ്രതിപക്ഷ നേതാവോ ആകാമെന്നാണ് സിറിയക് തോമസ് പറഞ്ഞത്. തരൂർ മുഖ്യമന്ത്രിയാകാനും യോഗ്യനാണ്. കേരളത്തിലെ ഏത് നിയമസഭാ മണ്ഡലത്തിൽ നിന്നും അദ്ദേഹത്തിന് മത്സരിക്കാമെന്നും വിജയം ഉറപ്പാണന്നും സിറിയക് തോമസ് അഭിപ്രായപ്പെട്ടു.
വിവാദങ്ങൾക്കൊടുലിൽ കോട്ടയത്തെ പരിപാടി ഡിസിസിയെ അറിയിച്ചില്ലെന്ന വാദം തള്ളി ഡോ. ശശി തരൂർ എംപി രംഗത്തെത്തി. ഡിസിസി പ്രസിഡന്റിനെ തന്റെ ഓഫിസിൽ നിന്ന് വിളിച്ചിരുന്നതായി ഡോ. ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു. ഡിസിസി പ്രസിഡന്റുമാരെ അറിയിച്ച ശേഷം മാത്രമേ പരിപാടികളിൽ പങ്കെടുക്കാറുള്ളു. കോട്ടയത്തെ പരിപാടികളിൽ പങ്കെടുക്കുമെന്നും ഡോ.ശശി തരൂർ വ്യക്തമാക്കി. ‘എന്റെ ഭാഗത്ത് ഒരു തെറ്റുമില്ല. ഞാൻ ഒരു തുറന്ന പുസ്തകമാണ്. പരിപാടിയിൽ വരാത്തവർ വരേണ്ട. എനിക്ക് ആരേം ഭയമില്ല. എന്നേയും ഭയപ്പെടേണ്ട’- ശശി തരൂർ പറഞ്ഞു.
കോട്ടയത്ത് യൂത്ത് കോൺഗ്രസ്സ് സംഘടിപ്പിച്ച ശശി തരൂരിന്റെ പരിപാടിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷും പങ്കെടുത്തില്ല. സംഘടനാ ചട്ടങ്ങൾക്ക് വിരുദ്ധമായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും പരാതി പരിഗണിച്ചു പരിപാടിയിൽ പങ്കെടുക്കില്ലെന്നുമായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം. പാർട്ടിയെ അറിയിക്കാതെയുള്ള ശശി തരൂരിന്റെ പര്യടനത്തിൽ എഐസിസിക്കും അച്ചടക്ക സമിതി അധ്യക്ഷനും പരാതി നൽകുമെന്ന് നാട്ടകം സുരേഷും വ്യക്തമാക്കി.
തന്റെ സന്ദർശനത്തിന് രാഷ്ട്രീയമില്ലെന്ന് ശശി തരൂർ എംപി അറിയിച്ചു. സന്ദർശനം ബന്ധം സ്ഥാപിക്കാൻ വേണ്ടിയാണ്. യൂത്ത് കോൺഗ്രസ് ക്ഷണിച്ച പരിപാടിയിൽ പങ്കെടുക്കുന്നത് എങ്ങനെയാണ് സംഘടനാ വിരുദ്ധ പ്രവർത്തനമാകുന്നത്. യൂത്ത് കോൺഗ്രസിന് പ്രോത്സാഹനം കൊടുക്കാനാണ് വന്നത്. എന്റെ ഭാഗത്തുനിന്ന് അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ട്. അറിയിച്ചിട്ടില്ലെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞത് എന്താണെന്ന് കണ്ടെത്തണം. പാർട്ടിക്ക് എതിരായി പ്രവർത്തിച്ചിട്ടില്ല. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളും നടത്തുന്നതായി കരുതുന്നില്ല. താൻ പലയിടത്തും പോയപ്പോൾ ഇല്ലാത്ത വിവാദം ഇപ്പോൾ എന്തിനാണെന്ന് ശശി തരൂർ ചോദിച്ചു.