പെട്രോളിനും ഡീസലിനും പിന്നാലെ മണ്ണെണ്ണ വിലയും കുത്തനെ ഉയർത്തി
പെട്രോൾ, ഡീസൽ വിലയും പാചക വാതക വിലയും കുത്തനെ ഉയർത്തി ജനങ്ങളെ പരമാവധി ദ്രോഹിക്കുന്നതിന് പുറമെ മണ്ണെണ്ണ വിലയും വർധിപ്പിച്ചു. ഒറ്റയടിക്ക് ലിറ്ററിന് എട്ട് രൂപയാണ് വർധിപ്പിച്ചത്. മണ്ണെണ്ണ ഒരു ലിറ്ററിന് 47 രൂപയായിരുന്നത് 55 രൂപയായി വർധിപ്പിച്ചു. മൊത്ത വ്യാപാര വില ലിറ്ററിന് 6.70 രൂപയും വർധിപ്പിച്ചു
മണ്ണെണ്ണക്ക് പുതിയ വിലയാണ് റേഷൻ വ്യാപാരികളിൽ നിന്ന് എണ്ണ കമ്പനികൾ ഈടാക്കുന്നത്. മുൻഗണന, മുൻഗണനേതര തുടങ്ങിയ എല്ലാ വിഭാഗങ്ങൾക്കും പുതിയ വില നൽകേണ്ടി വരും.
45 രൂപയാണ് മണ്ണെണ്ണയുടെ അടിസ്ഥാനവില. ഡീലർ കമ്മീഷൻ, ട്രാൻസ്‌പോർട്ടേഷൻ നിരക്ക്, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജി.എസ്.ടി, ഇതെല്ലാം അടങ്ങുന്ന ഹോൾസെയിൽ നിരക്ക് 51 രൂപയാണ്. ജനങ്ങളിലേക്ക് എത്തുമ്പോൾ 55 രൂപയാകും.
സെപ്റ്റംബർ 24ന് ശേഷം കേരളത്തിൽ മാത്രം പെട്രോളിന് വർധിച്ചത് ലിറ്ററിന് 8.86 രൂപയും ഡീസലിന് 10.33 രൂപയുമാണ്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 268 രൂപയും കുത്തനെ ഉയർത്തി. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 906.50 രൂപയിലേക്കും വർധിപ്പിച്ചിട്ടുണ്ട്.