Monday, April 14, 2025
Kerala

ഇനി വിവാദങ്ങൾക്ക് ഇല്ല; കോൺഗ്രസിൽ സ്‌ഥാനങ്ങൾ ആഗ്രഹിക്കുന്നില്ല: വിഎം സുധീരൻ

 

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഒരു സ്‌ഥാനവും ആഗ്രഹിക്കുന്നില്ലെന്ന് വിഎം സുധീരൻ. ഒരു സാധാരണ പ്രവര്‍ത്തകനായി തുടരാനാണ് തീരുമാനം. പാര്‍ലമെന്ററി രംഗത്ത് 25  വര്‍ഷം പൂര്‍ത്തിയായപ്പോള്‍ ഇനി മൽസരിക്കാൻ ഇല്ലെന്ന് പറഞ്ഞ് മാറി നില്‍ക്കുകയായിരുന്നു താനെന്നും സുധീരന്‍ പറഞ്ഞു.

കെ സുധാകരനുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക്, ഇനി വിവാദങ്ങള്‍ക്ക് താല്‍പര്യമില്ലെന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. അതേസമയം, കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങൾ ഉണ്ടെന്ന് സുധീരന്‍ ആവര്‍ത്തിച്ചു. കേരളത്തിലെ കോണ്‍ഗ്രസില്‍ പല കാര്യങ്ങളിലും തിരുത്തല്‍ വരേണ്ടതായിട്ടുണ്ട്. ഹൈക്കമാന്‍ഡിന്റെ ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്‌തു തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം വേണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. ഉന്നത പോലീസ് ഉദ്യോഗസ്‌ഥർ ഉൾപ്പടെ കേസില്‍ പ്രതികളാണ്. അതുകൊണ്ട് ക്രൈംബ്രാഞ്ച് അന്വേഷണം മതിയാകില്ല. മോന്‍സന്‍ വിഷയത്തില്‍ സംസ്‌ഥാനത്തെ രഹസ്യാന്വേഷണ വിഭാഗം പരാജയപ്പെട്ടു.

മോന്‍സന്‍ വിഷയം രാഷ്‌ട്രീയ വിവാദമാക്കി മാറ്റാന്‍ ആരും ശ്രമിക്കേണ്ടതില്ല. ഭൂലോക തട്ടിപ്പാണ് പ്രശ്‌നം. കുറ്റവാളി ശിക്ഷിക്കപ്പെടണം. കേരളത്തിലെ ഇന്റലിജന്‍സ് സംവിധാനത്തിന്റെ ഗുരുതരമായ വീഴ്‌ചയാണ് ഇവിടെ പ്രകടമാകുന്നത്. മുന്‍ ഡിജിപിയും പോലീസ് ഉദ്യോഗസ്‌ഥരുമെല്ലാം മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ കയറിയിറങ്ങി. ഇവിടുത്തെ ഇന്റലിജന്‍സ് സംവിധാനം എന്തു ചെയ്യുകയായിരുന്നു എന്നും കേരളത്തിന്റെ ആഭ്യന്തര വകുപ്പ് പരാജയമാണെന്നും സുധീരന്‍ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *