വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് പ്രതികള്‍ക്ക് നോട്ടീസ് നല്‍കും
പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച കേസിലെ പ്രതികളെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി പ്രതികള്‍ക്ക് പൊലീസ് നോട്ടീസ് നല്‍കും. സിആര്‍പിസി 41 എ പ്രകാരം ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്. കേസിലെ ഒന്നാം പ്രതി ഡോ. രമേശിനും നഴ്‌സുമാര്‍ക്കുമാണ് ഇന്ന് നോട്ടീസ് നല്‍കുക.
നേരത്തെ എഫ്‌ഐആറില്‍ പ്രതികള്‍ ആയിരുന്ന മൂന്ന് ഡോക്ടര്‍മാര്‍ കുറ്റക്കാരല്ല എന്നു കണ്ടെത്തി പൊലീസ് ഒഴിവാക്കി. ശാസ്ത്രീയ അന്വേഷണത്തിലൂടെ ആണ് ഇവര്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. ശസ്ത്രക്രിയ നടന്ന സമയത്തുണ്ടായിരുന്ന സൂപ്രണ്ട് ഡോക്ടര്‍ ശ്രീകുമാര്‍, 2017 ലെ ഗൈനിക് മേധാവി ഡോ വിനയ ചന്ദ്രന്‍, 2022 ലെ ഗൈനിക് മേധാവി ഡോ സജല എന്നിവരെയാണ്് ഒഴിവാക്കിയത്. 2023 മാര്‍ച്ച് ഒന്നിന് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ഇവര്‍ പ്രതികളായിരുന്നു. കേസില്‍ 76 സാക്ഷി മൊഴി രേഖപ്പെടുത്തി എന്നും പൊലീസ് അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.
രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്‌സുമാരുമാണ് കേസില്‍ പ്രതിപ്പട്ടികയിലുള്ളത്. മഞ്ചേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ സി കെ രമേശനും കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോ ഷഹനയുമാണ് പ്രതികള്‍.