Wednesday, January 8, 2025
Kerala

താനൂർ കസ്റ്റഡി മരണത്തിൽ നടപടി; എട്ട് പൊലീസുകാർക്ക് സസ്പെൻഷൻ

താനൂരിൽ ലഹരി മരുന്ന് കേസിൽ പിടിയിലായ താമിര്‍ ജിഫ്രി പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ എട്ട് പൊലീസുകാർക്ക് സസ്പെൻഷൻ. തൃശൂർ ഡിഐജി അജിതാ ബീഗമാണ് സസ്പെന്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടലിലാണ് നടപടി. കസ്റ്റഡി മർദ്ദനം നടന്നതായാണ് ഇന്റലിജിൻസ് റിപ്പോർട്ട്‌. ഇതേതുടർന്നാണ് കർശന നടപടിക്ക് നിർദേശം നൽകിയത്.

താനൂരില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിയ്ക്ക് ക്രൂരമായി മര്‍ദനമേറ്റതായി തെളിയിക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. താമിറിന്റെ ശരീരത്തില്‍ 13 പരുക്കുകളുണ്ടായിരുന്നു. ശരീരമാസകലം മര്‍ദനമേറ്റ പാടുകളുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

താമിര്‍ ജിഫ്രിയുടേത് കസ്റ്റഡി മരണമാണെന്നതിലേക്ക് വിരല്‍ചൂണ്ടുന്ന വിവരങ്ങളാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. താമിറിനെ കസ്റ്റഡിയിലെടുത്തത് നിയമാനുസൃതമായിട്ടല്ലെന്നും ചില ഇന്റലിജന്‍സ് വിവരങ്ങള്‍ സൂചിപ്പിക്കുന്നു. താമിറിന്റെ നടുവിന്റെ കീഴ്ഭാഗത്ത്, തുടയില്‍, കാലിന്റെ അടിഭാഗത്ത് എന്നിവിടങ്ങളിലെല്ലാം താമിറിന് മര്‍ദനമേറ്റിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അടിവരയിടുന്നു. ലാത്തി ഉപയോഗിച്ചാണ് താമിറിന് മര്‍ദനമേറ്റതെന്ന സംശയവും ബലപ്പെടുകയാണ്.

താമിര്‍ ജിഫ്രി ഉള്‍പ്പടെ ലഹരിയുമായി പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത് തിങ്കളാഴ്ച്ച വൈകുന്നേരം 3:30 നാണ്. ഇവരെ താനൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത് രാത്രി 1:45നാണ്.അതുവരെ പൊലീസ് ക്വട്ടേഴ്‌സില്‍ പാര്‍പ്പിച്ചു മര്‍ദിച്ചെന്ന ആരോപണവും ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *