കാസർകോട് ജില്ലയിൽ മാത്രം 2 മരണം; സംസ്ഥാനത്ത് ഇന്ന് ആറ് കൊവിഡ് മരണം
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇന്ന് ആറ് പേർ മരിച്ചു. ഇതിൽ രണ്ട് പേർ കാസർകോട് ജില്ലയിൽ നിന്നാണ്. 78കാരനായ കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഹസൈനാർ ഹാജി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കാസർകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ഉപ്പള സ്വദേശി ഷെഹർബാനുവാണ് ഒരാൾ. കഴിഞ്ഞ മാസം 28നാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂരിൽ ചക്കരക്കൽ സ്വദേശി സജിത്തും കൊവിഡ് സ്ഥിരീകരിച്ച് മരിച്ചു. രണ്ടാഴ്ച മുമ്പാണ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആലുവ കീഴ്മാട് സ്വദേശി സി കെ ഗോപിയാണ് മറ്റൊരാൾ. ലോട്ടറി വിൽപ്പനക്കാരനായിരുന്നു. കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇടുക്കി സ്വദേശി ഏലിക്കുട്ടി ദേവസ്യയാണ് മരിച്ച അഞ്ചാമൻ. മരണശേഷം നടത്തിയ പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരികരീച്ചത്.
കോഴിക്കോട് മെഡിക്കൽ കോളജിൽ ഇന്നലെ മരിച്ച 11 മാസം പ്രായമുള്ള കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം പുളിക്കൽ സ്വദേശി റമീസിന്റെ മകൾ ആസ്യ അമാനയാണ് മരിച്ചത്.