കലത്തിൽ കുടുങ്ങിയ ആറുവയസ്സുകാരിക്ക് രക്ഷകരായി അഗ്നിരക്ഷാസേന
കൊല്ലം:കളിക്കുന്നതിനിടെ കലത്തിൽ കുടുങ്ങിയ കുട്ടിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ദർപ്പക്കാട് നാസില മൻസിലിൽ അജിയുടെ മകൾ രണ്ടാം ക്ലാസ് വിദ്യാർഥി അൻസീറ(6)യാണ് കലത്തിൽ കുടുങ്ങിയത്.
ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. രക്ഷാകർത്താക്കൾ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ മുറ്റത്ത് കളിക്കുകയായിരുന്നു അൻസീറയും സഹോദരിയും ബന്ധുക്കളായ കുട്ടികളും. ഇതിനിടെ തുണിയലക്കുന്ന അലൂമിനിയം കലത്തിൽ അനങ്ങാൻ പോലുമാകാതെ കുടുങ്ങി. കുട്ടികളുടെ നിലവിളികേട്ട് രക്ഷാകർത്താക്കൾ എത്തിയപ്പോഴാണ് അപകടം മനസ്സിലായത്.
രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് വാഹനത്തിൽ കലത്തോടുകൂടി കുട്ടിയെ കടയ്ക്കൽ അഗ്നിരക്ഷാനിലയത്തിൽ എത്തിച്ചു. സ്റ്റേഷൻ ഓഫീസർ ജെ.സുരേഷ് കുമാർ, അസി. ഓഫീസർ ടി.വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ കട്ടർ ഉപയോഗിച്ച് കലം മുറിച്ചുമാറ്റി കുട്ടിയെ രക്ഷപ്പെടുത്തി.