പ്രചരണ പരസ്യത്തിൽ നിന്ന് എംഎൽഎയെ ഒഴിവാക്കി; പരാതിയുമായി സിപിഐ കോട്ടയം ജില്ല നേതൃത്വം
സർക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെ കടുത്ത പരാതിയുമായി സിപിഐ കോട്ടയം ജില്ല നേതൃത്വം. ശതാബ്ദി ആഘോഷത്തിന്റെ പ്രചരണ പരസ്യത്തിൽ നിന്നും പാർട്ടി എംഎൽഎ സി കെ. ആശയെ ഒഴിവാക്കിയെന്നാരോപിച്ച് ജില്ല ഇൻഫർ മേഷൻ ഓഫീസിനെതിരെ സംസ്ഥാന സർക്കാരിന് പരാതി നൽകാനാണ് സിപിഐ കോട്ടയം ജില്ലാ നേതൃത്വത്തിന്റെ നീക്കം. എംഎൽഎയെ ഒഴിവാക്കിയത് പരിപാടിയുടെ ശോഭ കെടുത്തിയെന്നാണ് സിപിഐ വിലയിരുത്തൽ. എന്നാൽ, ആരെയും മനപ്പൂർവം ഒഴിവാക്കിയിട്ടില്ലെന്ന് പിആർഡി വ്യക്തമാക്കി.
അതേസമയം, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പിണറായി വിജയനുമായി ചേർന്നാണ് ആഘോഷപരിപാടി ഉദ്ഘാടനം ചെയ്തത്. ആഘോഷത്തിന് ക്ഷണിച്ചതിൽ അദ്ദേഹം നന്ദി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ ക്ഷണിച്ചിരുന്നു. ശരീരം കൊണ്ട് രണ്ടാണെങ്കിലും ചിന്തകൊണ്ട് താനും പിണറായി വിജയനും ഒന്നാണ്. വൈക്കം കേരളത്തിലാണെങ്കിലും തമിഴ്നാടിനും ഏറെ പ്രിയപ്പെട്ടതാണ്. വൈക്കം സത്യഗ്രഹം കേരളത്തിന് മാത്രമല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പോരാട്ടമാണ്. സാമൂഹിക രാഷ്ട്രീയ മാറ്റങ്ങൾ ഉണ്ടാകാൻ പ്രധാന പങ്ക് വഹിച്ചു. വൈക്കത്ത് വരാൻ സാധിച്ചതിൽ അഭിമാനമുണ്ടെനും അദ്ദേഹം പറഞ്ഞു.
വൈക്കം സത്യഗ്രഹത്തിന് നേതൃത്വം നൽകിയ എല്ലാവരെയും ഓർക്കുന്നു. തമിഴ്നാട്ടിൽ നിന്നും പെരിയോരും കേരളത്തിൽ നിന്നും ടി കെ മാധവനും ചേർന്ന് നടത്തിയ പോരാട്ടമാണ്. ഒരു ഘട്ടത്തിൽ സമരം അവസാനിപ്പിക്കേണ്ടി വരുമെന്ന് ആളുകൾ കരുതി. അപ്പോഴാണ് പെരിയൊർ എത്തുന്നതെന്നും കേരളത്തിൽ ഉടനീളം പെരിയൊർ വൈക്കം സമരത്തിനായി സംസാരിച്ചുവെന്നും അദ്ദേഹം ഓർമിപ്പിച്ചു.
വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ചേർന്നു നിർവഹിച്ചു. സംസ്ഥാന സർക്കാരിനു വേണ്ടി സംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 603 ദിവസം നീളുന്ന പരിപാടികൾക്കാണ് ഇന്നലെ തുടക്കം കുറിച്ചത്.