ആകാശിനെയും ജിജോയെയും കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മാറ്റും; പൊലീസ് സംരക്ഷണം തേടി ജയിൽ സൂപ്രണ്ട്
കണ്ണൂർ: കാപ്പാ കേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന ആകാശ് തില്ലങ്കേരിയെയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ നടപടിയായി. ജയിൽ ചട്ടമനുസരിച്ചാണ് കണ്ണൂരിൽ നിന്നും വിയ്യൂരിലേക്ക് മാറ്റുന്നത്. കാപ്പ തടവുകാരെ സ്വന്തം ജില്ലകളിലെ ജയിലുകളിൽ പാർപ്പിക്കരുതെന്നാണ് ചട്ടം. ഇവരെ വിയ്യൂരിലേക്ക് കൊണ്ടുപോകാൻ കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് പോലീസ് സംരക്ഷണം തേടി. എസ്കോർട്ട് ലഭിച്ചാൽ ഉടൻ ജയിൽ മാറ്റം നടപ്പാക്കുമെന്ന് ജയിൽ അധികൃതർ വ്യക്തമാക്കി.
കണ്ണൂർ ജയിലിൽ തീവ സുരക്ഷയുള് പത്താം ബ്ലോക്കിലാണ് രണ്ടുപേരെയും പാർപ്പിച്ചിരിക്കുന്നത്. നിരീക്ഷണ ക്യാമറകൾ, മുഴുവൻ സമയ പാറാവ് ഉൾപെടെ കർശന നിയന്ത്രണമുള്ളതാണ് ഈ പത്താം ബ്ലോക്ക്. ഇവിടെയുള്ള ഭൂരിഭാഗം തടവുകാരും ഗുണ്ട ആക്ട് പ്രകാരം അറസ്റ്റിലായവരാണ്. സമൂഹത്തിന് ഭീഷണിയാണെന്ന് കാട്ടിയാണ് ആകാശിനും ജിജോയ്ക്കുമെതിരെ കണ്ണൂർ റൂറൽ എസ്പി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ ചുമത്തിയത്. ആറു മാസക്കാലത്തേക്ക് ഇരുവരും ജയിലിൽ കഴിയേണ്ടി വരും.
ആകാശിനെതിരെ ഇതുവരെ രണ്ട് കൊലപാതകം ഉൾപെടെ 14 കേസുകളുണ്ട്. ജിജോയ്ക്കെതിരെ 23 കേസുകളാണ് ഉള്ളത്. ഷുഹൈബ് വധം പാർട്ടി ആഹ്വാന പ്രകാരം താൻ നടത്തിയതാണെന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതോടെയാണ് സി പി എം ആകാശിനെതിരെ തിരിഞ്ഞത്. തില്ലങ്കേരിയിലെത്തി പൊതുയോഗം നടത്തി സിപിഎം നേതാക്കൾ ആകാശിനെയും സംഘത്തെയും തള്ളിപ്പറഞ്ഞു. കടുത്ത നടപടിക്കായി പൊലീസിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്തു.
ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയാണ് ആകാശ് തില്ലങ്കേരി. ആകാശിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ 8 ന് തലശേരി അഡീഷണൽ ജില്ല കോടതി വാദം കേൾക്കും. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിനാൽ ജാമ്യം റദ്ദാക്കണമെന്നാണ് പ്രോസിക്യൂഷൻ്റെ ആവശ്യം. ഹർജിയിൽ മറുപടി നൽകാൻ ആകാശ് കൂടുതൽ സമയം തേടി. ജാമ്യത്തിൽ കഴിയുന്ന ആകാശിനെതിരെ മുഴക്കുന്ന്, മട്ടന്നൂർ പൊലീസ് സ്റ്റേഷനുകളിൽ കേസ് റജിസ്റ്റർ ചെയ്തതോടെ ആകാശ് ജാമ്യ വ്യവസ്ഥ ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ കെ അജിത്ത് കുമാർ കോടതിയിൽ അപേക്ഷ നൽകിയത്.