നോട്ട് നിരോധനം കൊണ്ട് ഒരു ഫലവും ഉണ്ടായില്ല, കേന്ദ്ര നയങ്ങൾ ബുദ്ധിമുട്ടിലാക്കുന്നു; കെ എന്‍ ബാലഗോപാല്‍
നോട്ട് നിരോധനം ശരിവെച്ച സുപ്രിംകോടതി വിധിയോട് പ്രതികരിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നോട്ട് നിരോധനത്തിൽ സുപ്രിം കോടതി വിധിയിൽ ഭിന്ന വിധിയും ഉണ്ട്. സുപ്രിം കോടതി നോക്കിയത് ഭരണപരമായ നടപടി ക്രമങ്ങൾ മാത്രമാണ്. മുന്നൊരുക്കങ്ങൾ ഉണ്ടായിട്ടില്ല എന്നത് കോടതി പരിശോധിച്ചിട്ടില്ല. വലിയ ആഘാതം ഉണ്ടായി എന്നാണ് എല്ലാ പഠനങ്ങളും കാണിച്ചത്. നോട്ട് നിരോധനം കൊണ്ട് ഒരു ഫലവും ഉണ്ടായില്ല.വിധി ഒരു അക്കാദമിക് എക്സർസൈസ് മാത്രമാണ്. സാമ്പത്തികമായി നോട്ട് നിരോധനം രാജ്യത്തെ തകർത്തു .ഇനി അത്തരം നടപടികൾ ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെ 11 മണിയോടെയാണ് നോട്ട് നിരോധനം സാധുവെന്ന് സുപ്രിംകോടതി വിധിച്ചത്. നോട്ട് പിൻവലിച്ച കേന്ദ്ര സർക്കാർ നടപടിയെ തെറ്റിദ്ധരിക്കാനാകില്ലെന്ന് ജസ്റ്റിസ് ബി.ആർ ഗവായ് വിധിപ്രസ്താവത്തിൽ പറഞ്ഞു. കേന്ദ്രസർക്കാർ ഉചിതമായിട്ടുള്ള നടപടികൾ കൈക്കൊണ്ടാണ് നോട്ട് നിരോധനം നടപ്പാക്കിയതെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. കേസ് പരിഗണിക്കുന്ന അഞ്ചംഗ ബെഞ്ചിൽ നാല് ജഡ്ജിമാരും കേന്ദ്രസർക്കാരിന് അനുകൂലമായി വിധി പറഞ്ഞപ്പോൾ ജസ്റ്റിസ് നാഗരത്‌ന മാത്രമാണ് ഭിന്ന വിധി പുറപ്പെടുവിച്ചത്.
അക്കാദമിക് താല്‍പര്യത്തിനപ്പുറം വിഷയത്തില്‍ കോടതിക്ക് യാതൊരു ഇടപെടലും നടത്താനാവില്ലെന്നാണ് കേന്ദ്രം വാദിച്ചത്. സാമ്പത്തിക രംഗത്തെ ശക്തമാക്കിയ നടപടി,ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചു തുടങ്ങിയ വാദങ്ങളും കേന്ദ്രം കോടതിയില്‍ ഉന്നയിച്ചു. എന്നാല്‍ കള്ളപ്പണ വിനിമയം തടയാനായെന്ന കേന്ദ്രത്തിന്‍റെ അവകാശ വാദത്തെ കണക്കുകള്‍ നിരത്തിയാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ നേരിട്ടത്.