ചാലിയാർ പുഴയിൽ കോളജ് അധ്യാപകൻ മുങ്ങിമരിച്ചു; അപകടം മറ്റൊരാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ
ചാലിയാർ പുഴയിൽ കുളിക്കുന്നതിനിടെ കോളജ് അധ്യാപകൻ മുങ്ങി മരിച്ചു. നിലമ്പൂർ അമൽ കോളജിലെ കായികാധ്യാപകനും കണ്ണൂർ ചാലാട് പള്ളിയാമൂല സ്വദേശിയുമായ മുഹമ്മദ് നജീബ് (37) ആണ് മരിച്ചത്.രാവിലെ എട്ട് മണിയോടെയാണ് അപകടം.
ബന്ധുക്കൾക്കൊപ്പം ചാലിയാർ പുഴയുടെ മൈലാടി കടവിൽ കുളിക്കുന്നതിനിടയിലാണ് നജീബ് അപകടത്തിൽപ്പെട്ടത്. ഭാര്യയുടെ മാതൃ സഹോദരിയുടെ ഭർത്താവ് ഹുസൈൻ, അവരുടെ പിതാവ് മുഹമ്മദ് കുട്ടി എന്നിവർക്കൊപ്പമാണ് നജീബ് കുളിക്കാനിറങ്ങിയത്. ഭാര്യയും കുട്ടികളുമടക്കമുള്ളവർ പുഴക്കരയിൽ എത്തിയിരുന്നെങ്കിലും പുഴയിൽ ഇറങ്ങിയിരുന്നില്ല.
കുളിക്കുന്നതിനിടെ ശരീരം തളർന്ന മുഹമ്മദ് കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് നജീബ് വെള്ളത്തിൽ മുങ്ങിയത്. ഹുസൈനും മുഹമ്മദ് കുട്ടിയും ഒഴുക്കിൽപ്പെട്ടെങ്കിലും സമീപത്ത് മീൻപിടിക്കുകയായിരുന്ന ചാരംകുളം സ്വദേശി ഷാജി രക്ഷപ്പെടുത്തുകയായിരുന്നു.