Saturday, January 4, 2025
Kerala

ഞായാറാഴ്ചത്തെ ലഹരിവിരുദ്ധ പരിപാടി; എതിർപ്പറിയിച്ച് ക്രൈസ്തവ സംഘടനകൾ

ഞായറാഴ്ചയിലെ ലഹരി വിരുദ്ധ പരിപാടി മാറ്റിവയ്ക്കണമെന്ന് ക്രൈസ്തവ സംഘടനകൾ. പരിപാടിക്ക് പിന്തുണ ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിളിച്ച ഓൺലൈൻ യോഗത്തിലാണ് ക്രൈസ്തവ സഭാ നേതാക്കൾ എതിർപ്പ് അറിയിച്ചത്. മറ്റൊരു ദിവസം പരിപാടി നടത്തണമെന്ന് ക്രൈസ്തവ സഭ നേതാക്കൾ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ മനസിലാക്കുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി പരിപാടിയിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് വ്യക്തമാക്കി. ലഹരിക്കെതിരായ ക്യാമ്പയിൻ പൊതു വികാരമായി കണക്കാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സർക്കാർ തീരുമാനത്തിൽ കെസിബിസി വിയോജിപ്പ് രേഖപ്പെടുത്തി. നാളെ സ്കൂളുകൾക്ക് അവധിയായിരിക്കുമെന്ന മുൻ തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നതായി കെസിബിസി പ്രതിനിധി യോഗത്തെ അറിയിച്ചു. ഇക്കാര്യത്തിൽ ആരെയും വെല്ലുവിളിക്കാനില്ല. മതപരമായ പരീക്ഷകളും ചടങ്ങുകളും ഒഴിവാക്കാനാകില്ലെന്നും കെസിബിസി വ്യക്തമാക്കി.

ഞായറാഴ്ച വിശ്വാസപരമായ ആചാരങ്ങളിൽ കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പങ്കെടുക്കേണ്ടതുണ്ട്. കത്തോലിക്കാ രൂപതകളിൽ വിശ്വാസത്തിന്‍റെ ഭാഗമായുള്ള പരിക്ഷകളും ഉണ്ട്. ഞായറാഴ്‌ച വിശ്വാസപരമായ കാര്യങ്ങൾക്ക് നീക്കിവയ്ക്കണം. ഈ സാഹചര്യത്തിൽ സർക്കാർ പ്രഖ്യാപിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി മറ്റൊരു ദിവസം ആചരിക്കണമെന്നും കെസിബിസി ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

മാർത്തോമ സഭയും ഞായറാഴ്ച ലഹരി വിരുദ്ധ ക്യാമ്പയിൻ ആചരിക്കുന്നതിനെ എതിർത്ത് രംഗത്തെത്തിയിട്ടുണ്ട്. വിശ്വാസികൾ ഞായറാഴ്ച വിശുദ്ധ ദിനമായാണ് കണക്കാക്കുന്നത്. ലഹരിവിരുദ്ധ പരിപാടിക്കായി ‌ഞായറാഴ്ച തന്നെ തെരഞ്ഞെടുത്തത് വേദനാജനകമാണ്. ഇത് കണക്കിലെടുത്ത് നാളത്തെ ലഹരി വിരുദ്ധ പരിപാടി മാറ്റിവയ്ക്കണമെന്ന് സഭ സർക്കാരിനോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *