വനിതാ ഡോക്ടറുടെ ലൈംഗികാരോപണം അന്വേഷിക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം
എറണാകുളം ജനറല്‍ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ക്കെതിരെയുള്ള വനിതാ ഡോക്ടറുടെ ലൈംഗികാതിക്രമ പരാതിയില്‍ അന്വേഷണം നടത്താൻ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആരോഗ്യ വകുപ്പ് വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തും.
സമൂഹമാധ്യമത്തില്‍ വനിത ഡോക്ടര്‍ ഇട്ട പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുര്‍ന്നാണ് മന്ത്രി ഇടപെട്ടത്. ഇതുസംബന്ധിച്ച് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പരാതി മറച്ചുവച്ചോയെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ കൃത്യമായറിയാന്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി.
2019 ൽ ഹൗസ് സർജൻസി ചെയ്യുമ്പോള്‍ സീനിയർ ഡോക്ടർ ബലമായി മുഖത്ത് ചുംബിച്ചുവെന്നായിരുന്നു ഡോക്ടർ ഫേസ്ബുക്കിൽ കുറിച്ചത്. ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും ആശുപത്രി സൂപ്രണ്ടിനും ഇ മെയില്‍ വഴി വനിതാ ഡോക്ടര്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതി പരിശോധിച്ച ശേഷം പൊലീസിന് കൈമാറുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
ആരോപണ വിധേയനായ ഡോക്ടര്‍ ഇപ്പോഴും സര്‍വീസില്‍ തുടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പീഡനവുമായി ബന്ധപ്പെട്ട വിവരം വനിതാ ഡോക്ടര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. സംഭവം നടന്ന സമയത്ത് വിവരം ചില സഹപ്രവര്‍ത്തകരോട് ഡോക്ടര്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ അന്ന് പരാതി നല്‍കിയിരുന്നില്ലെന്നുമാണ് വിവരം.