സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം സമാപിച്ചു; പക്ഷേ, മഴ ആയതിനാൽ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം സമാപിച്ചു. 12 മണി മുതൽ ആഴക്കടൽ മത്സ്യബന്ധനം പുനരാരംഭിക്കുകയാണെങ്കിലും കടലിൽ പോകരുതെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പല ഇടങ്ങളിലും മത്സ്യബന്ധന ബോട്ടുകൾ അറ്റകുറ്റപണികൾ പൂർത്തിയാക്കി കടലിൽ പോകാനായി തയ്യാറെടുക്കുകയാണ്. അതേസമയം അഞ്ച് ദിവസം മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയതിനാൽ ആശങ്കയിലാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ അതിതീവ്രമഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഇന്നലെ മുതൽ നിർത്താതെ പെയ്ത മഴയിൽ വ്യാപക നാശനഷ്ടമുണ്ടായി. കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായി. ഇന്ന് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ശക്തമായ മഴയിൽ പലയിടത്തും ഉരുൾപൊട്ടി. കൊല്ലത്തും പത്തനംതിട്ടയിലുമായി രണ്ട് പേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. കൊല്ലം കുഭവരട്ടി വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ തമിഴ്‌നാട് മധുരൈ സ്വദേശി കുമാരനും പത്തനംതിട്ട കൊല്ലമുളയിൽ അദ്വൈദ് എന്ന യുവാവുമാണ് മരിച്ചത്. കോട്ടയം വാകക്കാട് രണ്ടാറ്റുമുന്നിയിൽ പാലം വെള്ളത്തിനടിയിലായി. മൂന്നിലവ് ടൗണും വെള്ളത്തിനടിയിലായി. മുണ്ടക്കയം എരുമേലി സംസ്ഥാന പാതയിൽ തോട് കരകവിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ഇടുക്കി മൂലമറ്റത്ത് ഉരുൾപൊട്ടിയതായി സംശയമുണ്ട്. മൂന്നുങ്കവയൽ, മണപ്പാടി എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. തിരുവനന്തപുരം കല്ലാർ മീൻമുട്ടിയിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ രക്ഷിച്ചു. നെയ്യാർ ഡാമിന്റെ ഷട്ടർ ഉയർത്തിയതിനാൽ തീരദേശത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശമുണ്ട്. പാലക്കാട് കാഞ്ഞിരപ്പുഴ ഡാമിന്റെയും സ്പിൽവേ ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത മഴ തുടരുകയാണ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മഴ ശക്തമാണ്. മീനച്ചിൽ, മണിമല നദികളിൽ ജലനിരപ്പ് ഉയരുകയാണ്. സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകളിൽ ജാഗ്രത പുലർത്താൻ കോട്ടയം ജില്ലാ കളക്ടർ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കൺട്രോൾ റൂം പ്രവർത്തനം ആരംഭിക്കാൻ കളക്ടർ നിർദ്ദേശം നൽകി.