വിഴിഞ്ഞത്ത് വള്ളംമറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു
തിരുവനന്തപുരം വിഴിഞ്ഞത്ത് വള്ളംമറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. തമിഴ്‌നാട് സ്വദേശി കിംഗ്സ്റ്റണാണ് മരിച്ചത്. ശക്തമായ കടല്‍ക്ഷോഭത്തിലാണ് അപകടമുണ്ടായത്.
തിരുവനന്തപുരം ജില്ലയില്‍ പൊഴിയൂര്‍ മുതല്‍ അഞ്ചുതെങ്ങ് വരെയുള്ള മേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് ഉച്ചയോടെയാണ് കിംഗ്സ്റ്റണ്‍ ഉള്‍പ്പെടെ സഞ്ചരിച്ചിരുന്ന വള്ളം അപകടത്തില്‍പ്പെട്ടത്. അഞ്ചുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. എല്ലാവര്‍ക്കും സാരമായി പരുക്കേറ്റു. നാല് കിലോമീറ്ററോളം പിന്നിട്ടപ്പോഴാണ് വള്ളം ശക്തമായ കടല്‍ക്ഷോഭത്തില്‍ മറിയുന്നത്.
സംസ്ഥാനത്ത് അതിതീവ്ര മഴയാണ് തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഇന്നും നാളെയും അതിതീവ്ര മഴപെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത് നാല് ദിവസത്തേക്ക് സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടാകും. ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പോലീസ്, അഗ്‌നിരക്ഷാസേന, മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവരോട് ജാഗരൂഗരായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.