പനി മരണങ്ങൾ കൂടുന്നു; തൃശ്ശൂരിൽ പനി ബാധിച്ച് രണ്ട് മരണം
തൃശ്ശൂരിൽ പനി ബാധിച്ച് രണ്ട് മരണം. അവിണിശ്ശേരി സ്വദേശിനി 35 വയസ്സുള്ള അനീഷ , പശ്ചിമ ബംഗാൾ സ്വദേശിനി ജാസ്മിൻ ബീബി എന്നിവരാണ് മരിച്ചത്. തൃശ്ശൂർ ഗവ.മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു ഇരുവരുടേയും മരണം സംഭവിച്ചത്.
പനി ബാധയെ തുടർന്ന് അനീഷ ആദ്യം സ്വകാര്യ ക്‌ളിനിക്കിലെ ഡോക്ടറെ കണ്ടിരുന്നു. ഡോക്ടറുടെ നിർദ്ദേശപ്രകാരം സ്വകാര്യ ലാബിൽ നടത്തിയ രക്ത പരിശോധനയിൽ ഡെങ്കി പനിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ഇന്നലെ വൈകീട്ട് ഒല്ലൂരിലെ സ്വകാര്യ ആശൂപത്രിയിലും തൃശ്ശൂർ ജനറൽ ആശുപത്രിയിലും ചികിത്സ തേടി. തുടർന്ന് അസുഖം മൂർച്ഛിച്ചതിനാൽ തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും പുലർച്ചെ രണ്ടരയോടെ മരണപ്പെടുകയായിരുന്നു.
നാട്ടികയിൽ ജോലി ചെയ്യുന്ന പശ്ചിമബംഗാൾ സ്വദേശിനി ജാസ്മിൻ ബീബിയാണ് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ച മരണപ്പെടുകയായിരുന്നു. കഴിഞ്ഞ 23ന് ചാഴൂർ സ്വദേശിയായ 8-ാം ക്ലാസ് വിദ്യാർത്ഥി ധനിഷ്‌ക് ഡെങ്കു പനി ബാധിച്ച് മരിച്ചിരുന്നു. അതേസമയം അനീഷയുടെ മരണം ഡെങ്കി പനി മൂലമാണെന്ന ആരോഗ്യവകുപ്പ് ഇതുവരേയും സ്ഥിരീകരിച്ചിട്ടില്ല.