Sunday, January 5, 2025
Health

അസിഡിറ്റിയെ തടയാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കാം ഈ ഭക്ഷണങ്ങള്‍…

ജോലിത്തിരക്കിനിടയില്‍ ആഹാരം കഴിക്കുന്നതില്‍ കൃത്യനിഷ്ഠ പാലിക്കാത്തവരാണ് മിക്കവരും. ഇതാണ് പിന്നീട് അസിഡിറ്റി പോലെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ കാരണം. ഭക്ഷണം കഴിച്ചയുടന്‍ അനുഭവപ്പെടുന്ന നെഞ്ചെരിച്ചില്‍, വയറെരിച്ചില്‍ എന്നിവയാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ വയറ് വേദനയും ഉണ്ടാകാം. ചികിത്സിച്ചില്ലെങ്കില്‍ അള്‍സറും പിന്നീട് അതിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം.

ജോലിത്തിരക്കിനിടയില്‍ ഭക്ഷണം കൃത്യമായി കഴിക്കാതിരിക്കുക, ജീവിതശൈലിയില്‍ ഉണ്ടായ മാറ്റങ്ങള്‍, ഭക്ഷണരീതിയില്‍ വരുന്ന മാറ്റങ്ങള്‍, പരസ്പരം യോജിക്കാത്ത ഭക്ഷണം കഴിക്കുക, പഴകിയതും ദുഷിച്ചതുമായ മത്സ്യമാംസങ്ങള്‍, എരിവും പുളിയും മസാലയും അധികം ചേര്‍ത്ത ഭക്ഷണങ്ങള്‍, മാനസിക സംഘര്‍ഷം, തുടങ്ങിയവയൊക്കെ അസിഡിറ്റിക്ക് കാരണമായേക്കാം. അസിഡിറ്റിയെ ഒഴിവാക്കാന്‍ ആദ്യം ചെയ്യേണ്ടത് എല്ലാ ദിവസവും കൃത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കുക എന്നതാണ്. കൂടാതെ കഴിക്കുന്ന ഭക്ഷണത്തിനിടയിലുളള ഇടവേളകള്‍ ചുരുക്കാനും ശ്രദ്ധിക്കുക. ഒരുപാട് ഭക്ഷണം ഒരുമിച്ച് കഴിക്കുന്നത് ഒഴുവാക്കി ഇടയ്ക്കിടയ്ക്ക് എന്തെങ്കിലുമൊക്കെ കഴിക്കുന്നത് നല്ലതാണ്. അതുപോലെ തന്നെ വെള്ളം ധാരാളം കുടിക്കാം. ദഹനം എളുപ്പത്തിലാക്കുന്നതിലും ആസിഡ് ഉത്പാദനത്തിന്റെ വ്യതിയാനം ക്രമപ്പെടുത്തുന്നതിനും വെള്ളം കുടിക്കുന്നത് നല്ലതാണ്.

അസിഡിറ്റിയെ തടയാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം…

ഒന്ന്…

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, കൊഴുപ്പും എരുവും നിറഞ്ഞ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. പകരം ധാരാളം നാരടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കാം.

രണ്ട്…

ആസിഡ് അടങ്ങിയ ഓറഞ്ച്, നാരങ്ങ മുതലായ പഴങ്ങള്‍ അധികം കഴിക്കാതിരിക്കുന്നതാണ് അസിഡിറ്റിയുള്ളവര്‍ക്ക് നല്ലത്.

മൂന്ന്…

ഉരുളക്കിഴങ്ങ്, ബീന്‍സ് എന്നിവയും അസിഡിറ്റി ഉണ്ടാക്കാം. ഇത്തരത്തില്‍ അസിഡിറ്റി കൂട്ടുന്ന ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തി ഒഴിവാക്കാനും ശ്രദ്ധിക്കുക.

നാല്…

കഫൈന്‍ അടങ്ങിയ ഭക്ഷണം പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക. ചിലരില്‍ കാപ്പി, പാല്‍, ചായ, വെണ്ണ എന്നിവ അസിഡിറ്റി ഉണ്ടാക്കാം.

അഞ്ച്…

സോയാബീന്‍, ഓട്സ്, അണ്ടിപ്പരിപ്പ് തുടങ്ങിയ പലതും ചിലര്‍ക്ക് അസിഡിറ്റി ഉണ്ടാക്കാം. ഇത്തരത്തില്‍ അസിഡിറ്റി കൂട്ടുന്ന ഭക്ഷ്യവസ്തുക്കള്‍ സ്വയം കണ്ടെത്തി ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധ വേണം.

ആറ്…

അച്ചാറുകള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക. ചിലരില്‍ അതും അസിഡിറ്റി ഉണ്ടാക്കാം.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Leave a Reply

Your email address will not be published. Required fields are marked *