ചര്‍മ്മ സംരക്ഷണത്തില്‍ ഇനിയെങ്കിലും വരുത്താതിരിക്കാം ഈ നാല് പിഴവുകള്‍
ചര്‍മ്മം പ്രത്യേകിച്ച് മുഖചര്‍മ്മം ആരോഗ്യത്തോടെ തിളങ്ങാന്‍ നല്ല പരിചരണവും സംരക്ഷണവും ആവശ്യമാണ്. ആരെങ്കിലും പറയുന്നത് കേട്ട് ചര്‍മ്മത്തിനായി എന്തെങ്കിലും ചെയ്യുകയല്ല വേണ്ടത്. തെറ്റും ശരിയും അറിഞ്ഞ് സ്വയം മനസിലാക്കി വേണം ചര്‍മ്മ സംരക്ഷണത്തിന് വേണ്ടി പരിശ്രമിക്കാന്‍. ചര്‍മം പരിപാലിക്കുമ്പോള്‍ ഒഴിവാക്കേണ്ട പ്രധാനപ്പെട്ട നാല് പിഴവുകള്‍ പരിശോധിക്കാം.
അമിതമായ എക്‌സ്‌ഫോളിയേഷന്‍
ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീങ്ങുന്നതിന് കെമിക്കല്‍ പീലിങ്ങോ അല്ലെങ്കില്‍ സ്‌ക്രബിംഗോ പോലുള്ള മാര്‍ഗങ്ങള്‍ ഉപയോഗിക്കേണ്ടത് ആവശ്യം തന്നെയാണ്. എന്നാല്‍ ഇത് ആഴ്ചയില്‍ ഒരിക്കലേ പാടുള്ളൂ. കൂടുതലായി എക്‌സ്‌ഫോളിയേറ്റ് ചെയ്യുന്നത് ചര്‍മ്മത്തില്‍ പൊള്ളിയത് പോലുള്ള പാടുകള്‍ വരുന്നതിനും കൂടുതല്‍ സെന്‍സിറ്റീവാകുന്നതിനും കാരണമാകും.
മുഖം കഴുകിയ ശേഷം മോയ്ച്യുറൈസ് ചെയ്യാത്തത്
ക്ലെന്‍സറുകള്‍ ഉപയോഗിച്ച് മേക്കപ്പും മറ്റും നീക്കം ചെയ്ത് നന്നായി പതയുന്ന ഒരു ഫേസ് വാഷും ഉപയോഗിച്ച് മുഖം വൃത്തിയാക്കിയാല്‍ എല്ലാം പൂര്‍ത്തിയായെന്ന് കരുതരുത്. ഇവിടെ വെച്ച് നിര്‍ത്തിയാല്‍ മുഖചര്‍മമ്മം വരണ്ടുപോകാന്‍ സാധ്യതയുണ്ട്. ക്ലെന്‍സിംഗിന് ശേഷം ഉറപ്പായും മുഖത്ത് മോയ്ച്യുറൈസര്‍ പുരട്ടിയിരിക്കണം.
വാങ്ങുന്ന ഉത്പ്പന്നങ്ങള്‍ കൃത്യമായി സൂക്ഷിക്കാത്തത്
നിങ്ങള്‍ ചര്‍മ്മ പരിപാലനത്തിനായി ഉപയോഗിക്കുന്ന വൈറ്റമിന്‍ സി സിറം, എസ്പിഎഫ് ലോഷനുകള്‍ എന്നിവയൊന്നും ഒരു കാരണവശാലും അലക്ഷ്യമായി വയ്ക്കരുത്. സൂര്യപ്രകാശമേറ്റാല്‍ അവ വളരെവേഗത്തില്‍ നിര്‍വീര്യമാകുമെന്ന് മറക്കാതിരിക്കുക.
സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാത്തത്
നിങ്ങള്‍ ചര്‍മ്മ സംരക്ഷണത്തിനായി എന്തൊക്കെ ചെയ്യുന്നുവെന്ന് പറഞ്ഞാലും സണ്‍സ്‌ക്രീന്‍ ഉപയോഗിച്ചില്ലെങ്കില്‍ അതൊന്നും കൊണ്ട് ഒരു കാര്യവും ഉണ്ടാകില്ല. എസ്പിഎഫ് 30 മുതല്‍ 50 വരെയുള്ള സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുകയും ഇടയ്ക്കിടെ റീ അപ്ലൈ ചെയ്യുകയും ചെയ്യണം.