അമിതമായ വിശപ്പിനെയകറ്റാന്‍ ഈ ഭക്ഷണസാധനങ്ങൾ കഴിച്ചാൽ മതി
വിശപ്പ് കൂടുതലാണെന്ന് തോന്നുമ്പോള്‍ ആദ്യമേ ഭക്ഷണം നിയന്ത്രിക്കാനാണ് പൊതുവില്‍ എല്ലാവരും ശ്രമിക്കുക. എന്നാല്‍, മിതഭക്ഷണത്തെക്കാള്‍ വിശപ്പിന് കടിഞ്ഞാണിടാന്‍ കഴിയുന്ന ആരോഗ്യപരമായ ഭക്ഷണം കഴിക്കലാണ് ഇതിന് ഏറ്റവും നല്ല പരിഹാരം. അമിതമായ വിശപ്പിനെയകറ്റാന്‍ സഹായിക്കുന്ന ചില ഭക്ഷണസാധനങ്ങൾ ഏതെല്ലാമെന്ന് നോക്കാം.
ഓട്‌സ്
വിശപ്പ് നിയന്ത്രിക്കുന്ന ഹോര്‍മോണിനെ പരിധിയില്‍ നിര്‍ത്താനുള്ള കഴിവാണ് ഓട്‌സിന്റെ ഏറ്റവും വലിയ പ്രത്യേകത. അരക്കപ്പ് ഓട്‌സിനകത്ത് ഏതാണ്ട് അഞ്ച് ഗ്രാമോളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെയും എളുപ്പത്തിലാക്കുന്നു.
നട്‌സ്
ധാരാളം പ്രോട്ടീനും കൊഴുപ്പും ഫൈബറുമെല്ലാം അടങ്ങിയതാണ് നട്‌സ്. അതിനാല്‍ തന്നെ നട്‌സ് കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായതെല്ലാം ഒറ്റയടിക്ക് ലഭിക്കുന്നു.
ആപ്പിള്‍
വണ്ണം കുറയ്ക്കാന്‍ ഏറ്റവുമധികം ഉപകരിക്കുന്ന ഒന്നാണ് ആപ്പിള്‍. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ആപ്പിളിന് കഴിവുണ്ട്. ഭക്ഷണം കഴിക്കുന്നതിന്റെ അര മണിക്കൂര്‍ മുമ്പ് ഒരു ആപ്പിള്‍ കഴിക്കുന്നത് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് ഗണ്യമായി കുറയക്കും.
മുട്ട
നല്ല രീതിയില്‍ പ്രോട്ടീനുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ശരീരം പെട്ടെന്ന് തന്നെ സംതൃപ്തമാകും. കൂടുതല്‍ ഭക്ഷണം കഴിക്കാനുള്ള ആഗ്രഹവും പിന്നീടുണ്ടാകില്ല.
മാതളം
മാതളത്തിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളും പോളിഫിനോലുകളുമുള്‍പ്പെടെയുള്ള ഘടകങ്ങള്‍ കൊഴുപ്പിനെ എളുപ്പത്തില്‍ എരിയിച്ചുകളയും. അതായത്, മാതളം വിശപ്പിനെ അടക്കുന്നതോടൊപ്പം ദഹനപ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.